കാസര്‍കോട്: ദേശീയ പാത സര്‍വ്വീസ് റോഡിലെ ഹമ്പില്‍ വേഗത കുറക്കാതെ ഓടിയ ബസിനകത്ത് തെറിച്ചുവീണു യാത്രക്കാരന്റെ പല്ലു കൊഴിഞ്ഞു. കുമ്പള, കൊടിയമ്മ സ്വദേശി മുഹമ്മദ് ഹനീഫ (48)യുടെ മുന്‍വരിപ്പല്ലുകളില്‍ ഒന്നാണ് കൊഴിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസര്‍കോട്, താളിപ്പടുപ്പിലാണ് അപകടം. കാസര്‍കോട് നിന്നും മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്നു കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ്. താളിപ്പടുപ്പില്‍ എത്തിയപ്പോള്‍ ഹമ്പ് ശ്രദ്ധിക്കാതെ ഓടിച്ച ബസ് തുള്ളുകയും മുഹമ്മദ് ഹനീഫ മുന്‍ഭാഗത്തേക്കു തെറിച്ചുവീഴുകയുമായിരുന്നു. ബസിന്റെ പിന്‍ഭാഗത്തുണ്ടായിരുന്ന ഏതാനും യാത്രക്കാരും തെറിച്ചുവീണുവെങ്കിലും കാര്യമായ പരിക്കില്ല. ബസ് കുമ്പള ടൗണില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പരിക്കേറ്റ മുഹമ്മദ് ഹനീഫയെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു.