കണ്ണൂര്‍: തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്റെ ‘ഓഫര്‍ തട്ടിപ്പു’മായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവിനെ കൂടി പ്രതി ചേര്‍ത്തു. ലാലി വിന്‍സെന്റിനെതിരെ കണ്ണൂര്‍ പൊലീസാണ് കേസെടുത്തത്. കേസിലെ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. ഓഫര്‍ തട്ടിപ്പ് സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കണ്ണൂരില്‍ മാത്രം ഇതിനകം രണ്ടായിരത്തോളം പരാതികളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ഇതിന്റെ ഇരട്ടിയിലധികം പേര്‍ പരാതി പറയാന്‍ തയ്യാറായിട്ടില്ല.
തൊടുപുഴ കുടയത്തൂര്‍ കുളങ്ങര അനന്തു കൃഷ്ണന്‍ (26)ആണ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി. ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ നടത്തിയ തട്ടിപ്പ് 1000 കോടി രൂപയിലധികം ആകുമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഒരു ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയാണ് എത്തിയത്. ഇതില്‍ മൂന്നു കോടി രൂപ മാത്രമാണ് അവശേഷിപ്പിച്ചിട്ടുള്ളത്.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ രജിസ്‌ട്രേഷന്‍ ഫീസായി വാങ്ങിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുന്‍കൂറായി നല്‍കണം. ബാക്കി തുക വന്‍കിട കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നു ലഭ്യമാക്കും എന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
