ബംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാംനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദ സാഗര്‍ കോളജിലെ ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥിനി അനാമിക (19)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിനിയാണ് അനാമിക. ഹോസ്റ്റല്‍ മുറിയില്‍ ചൊവ്വാഴ്ച രാത്രിയാണ് അനാമികയെ മരിച്ച നിലയില്‍ കണ്ടത്. രാത്രിയിലെ ഭക്ഷണ സമയത്ത് എത്താത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് വിദ്യാര്‍ഥിനി മരിച്ചതാണെന്ന് മനസ്സിലായത്. അനാമിക ആത്മഹത്യ ചെയ്യാന്‍ കാരണം കോളേജ് മാനേജ്‌മെന്റാണെന്നും കര്‍ശനനടപടി വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നു. മാനേജ്‌മെന്റില്‍ നിന്നുള്ള മാനസികപീഡനം മൂലം വലിയ സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടി എന്ന് സഹപാഠികള്‍ തന്നെ പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
