കാസർകോട്: ചീമേനിയിലെ നിടുമ്പയിലെ സിവിൽ എൻജിനീയർ മുകേഷിന്റെ വീട് കുത്തി തുറന്ന് 40 പവൻ സ്വർണാഭരണങ്ങളും നാലു വെള്ളി പാത്രങ്ങളും കവർന്ന സംഘത്തെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. വീട്ടിൽ ജോലിക്കായി എത്തിയ നേപ്പാൾ സ്വദേശികളായ ദമ്പതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു സ്ത്രീ അടക്കം നാലു പേരാണ് വീട്ടിൽ കവർച്ചയ്ക്ക് എത്തിയത്. ഇവർ വീട്ടിലേക്ക് നടന്നു വരുന്നത് സിസിടിവി പരിശോധനയിൽ അന്വേഷണസംഘം കണ്ടെത്തി. രണ്ടുപേർ പുറത്ത് കാവൽ നിൽക്കുകയും ഒരു സ്ത്രീയും പുരുഷനും വീട്ടിനകത്ത് കയറുന്നതും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ചാക്ര ഷാഹി, ഇഷ ചൗധരി അഗർവാൾ എന്നിവരാണ് ഒരു മാസം മുമ്പ് മുകേഷിന്റെ വീട്ടിൽ പശുവിനെ പരിപാലിക്കാൻ എത്തിയത്. ഗുജറാത്തിൽ ജോലിചെയ്യുന്ന മുകേഷും ഭാര്യയും കണ്ണൂരിലെ തറവാട്ട് വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീടിന്റെ പിറകുവശത്തെ വാതിൽ തകർത്ത് അകത്തു കടന്നാണ് സ്വർണ്ണവും വെള്ളിപാത്രങ്ങളും കവർച്ച ചെയ്തത്. ശേഷം ഇവർ ഓട്ടോറിക്ഷയിൽ കണ്ണാടി പാറയിൽ ഇറങ്ങി. പിന്നീട് മറ്റൊരു ഓട്ടോയിൽ നീലേശ്വരത്തേക്ക് പോവുകയായിരുന്നു. അതേസമയം കവർച്ചക്കാർ കേരളം വിട്ടിട്ടില്ല എന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. അതേസമയം ഇവർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയിട്ടില്ലെന്നും പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇതിനകം തന്നെ നേപ്പാൾ പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചീമേനി സി ഐ അനിൽകുമാർ, എസ് ഐ രമേശൻ എന്നിവർ അടങ്ങിയ പ്രത്യേക സ്ക്വാഡ് ആണ് സംഭവം അന്വേഷിക്കുന്നത്.
