തൃശൂര്‍: കോഴിക്കോട്, മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും ഹോട്ടലുടമയുമായ ദേവദാസ് അറസ്റ്റില്‍. തൃശൂര്‍, കുന്നംകുളത്തു വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കൂട്ടു പ്രതികളും ഹോട്ടല്‍ ജീവനക്കാരുമായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്. ഫെബ്രുവരി ഒന്നിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂര്‍ സ്വദേശിനിയായ 24കാരിയെ ദേവദാസും രണ്ടു ജീവനക്കാരും ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള ‘സങ്കേതം’ എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്നു യുവതി. ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് രാത്രിയില്‍ അതിക്രമിച്ചു കയറി ദേവദാസും സംഘവും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പീഡനശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട യുവതി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടുകയായിരുന്നു. വാരിയെല്ലിനും മറ്റും ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
