കാസര്‍കോട്: വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ച് പുകയില മാഫിയ ശക്തമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജില്ലയില്‍ പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തി. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പക്കുള്ള നിര്‍ദ്ദേശപ്രകാരമാണ് പരിശോധന.
പുകയില ഉല്‍പ്പന്നങ്ങളുമായി 20ല്‍പ്പരം പേര്‍ അറസ്റ്റില്‍. 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്, പള്ളം റെയില്‍വെ മേല്‍പ്പാലത്തിനു സമീപത്തു വച്ച് നുള്ളിപ്പാടിയിലെ ടി.എ സക്കീര്‍ (45), അടുക്കത്തുബയല്‍ സ്‌കൂളിനു സമീപത്തു വച്ച് ശിരിബാഗിലുവിലെ ബി.എം സുരേഷ് (50), കാസര്‍കോട് ഗവ. കോളേജിനു സമീപത്തു വച്ച് മുട്ടത്തൊടിയിലെ കെ.എം അബ്ദുല്ല (78) എന്നിവരെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. ബേര്‍ക്കയിലെ മൊയ്തു(42)വിനെ ചെര്‍ക്കളയില്‍ വച്ചും നായന്മാര്‍മൂലയിലെ ജാബിറി(28)നെ അറന്തോട് വച്ചും വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. പൊതു സ്ഥലത്തു വച്ച് പുകവലിച്ചതിനു ജില്ലയില്‍ 66 പേരെയും അറസ്റ്റു ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
