മലപ്പുറം: മഞ്ചേരിയിൽ മൂന്നുദിവസം മുമ്പ് വിവാഹിതയായ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 18 വയസ്സുള്ള ഷൈമ സിനിവർ ആണ് മരിച്ചത്. പെൺകുട്ടി ജീവനൊടുക്കിയ ഉടൻ തന്നെ അയൽവാസിയായ 19കാരനും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഷൈമയുടെ വിവാഹം. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹം. വീട്ടുകാർക്ക് വിവാഹത്തിന് താല്പര്യമില്ലാത്തതാണ് പെൺകുട്ടി ജീവനൊടുക്കാൻ കാരണമെന്നും പൊലീസ് പറഞ്ഞു. ഷൈമയുടെ മൃതദേഹം മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജീവനൊടുക്കാൻ ശ്രമിച്ച യുവാവും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്നിലാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ സൽക്കാര ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് മരണം. പോസ്റ്റ്മോർട്ടം ചൊവ്വാഴ്ച രാവിലെ നടക്കും.
