കണ്ണൂര്‍: പുലര്‍കാലങ്ങളില്‍ വീടുകളില്‍ കയറി കവര്‍ച്ച നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആസാം, ബാര്‍പ്പെറ്റ, ജാനിയ സ്വദേശിയായ സദ്ദാംഹുസൈ(23)നെയാണ് ചക്കരക്കല്ല് എസ്.ഐ സനല്‍ ബാലക്കണ്ടിയും സംഘവും അറസ്റ്റു ചെയ്തത്. മുണ്ടേരിചിറക്ക് സമീപത്തു താമസിക്കുന്ന ഓട്ടോഡ്രൈവര്‍ പണ്ടാരവളപ്പില്‍ സുലൈമാന്‍ ആയിഷ ദമ്പതികളുടെ വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്.
ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘മുകളിലെ ആസ്ബറ്റോസ് ഷീറ്റ് തകര്‍ത്താണ് മോഷ്ടാവ് ഏണിപ്പടി വഴി വീട്ടിനകത്തേക്ക് എത്തിയത്. അകത്തു നിന്നു എന്തോ ശബ്ദം കേട്ട് ഉണര്‍ന്ന സുലൈമാന്‍ മുറി പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വീണ്ടും ഉറങ്ങാന്‍ കിടന്നു. അതിനിടയില്‍ സമയം എത്രയായെന്നു നോക്കാന്‍ മൊബൈല്‍ തിരഞ്ഞു. വച്ച സ്ഥലത്ത് ഫോണ്‍ കാണാത്തതിനെ തുടര്‍ന്ന് സുലൈമാന്‍ എഴുന്നേറ്റ് ലൈറ്റിട്ടു. ഈ സമയത്ത് സെന്‍ട്രല്‍ ഹാളില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ടു. ഇയാളെ പിടികൂടാന്‍ മല്‍പ്പിടുത്തം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. വര്‍ക്ക് ഏരിയയിലേക്കാണ് മോഷ്ടാവ് ഓടിയത്. എന്നാല്‍ ഇരുമ്പുവാതില്‍ പൂട്ടിയതിനാല്‍ പുറത്തേക്ക് കടക്കാനായില്ല. ഇതിനിടയില്‍ വര്‍ക്ക് ഏരിയയിലേക്കുള്ള വാതില്‍ സുലൈമാന്‍ അടച്ചു. ഇതോടെ മോഷ്ടാവ് വര്‍ക്ക് ഏരിയയില്‍ കുടുങ്ങി. ദമ്പതികള്‍ നിലവിളിച്ചുവെങ്കിലും ആരും എത്തിയില്ല. ഇതിനിടയില്‍ വര്‍ക്ക് ഏരിയയില്‍ ഉണ്ടായിരുന്ന ഉലക്കയെടുത്ത് യുവാവ് അകത്തേക്കുള്ള വാതില്‍ അടിച്ചു തകര്‍ത്തു. വര്‍ക്ക് ഏരിയയില്‍ നിന്നു രക്ഷപ്പെട്ട് വീടിന്റെ മുന്‍ഭാഗത്തു കൂടി പുറത്തേക്ക് ഓടിയ മോഷ്ടാവിനെ പിടികൂടാന്‍ സുലൈമാനും ഭാര്യയും ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടയില്‍ അയല്‍വാസികളും സ്ഥലത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും ഓടിയെത്തി. ഇവരെല്ലാം മോഷ്ടാവിനു പിന്നാലെ ഓടിയതോടെ മോഷ്ടാവ് ചതുപ്പില്‍ ചാടി. ഇരുട്ടായതിനാല്‍ ചാടിയ ആളെ കാണാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനാകാതെ മടങ്ങി. കള്ളനെക്കുറിച്ചുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ച നാട്ടുകാരനായ ഒരാളാണ് മോഷ്ടാവിനെ കുറിച്ചുള്ള സൂചന പുറത്തു വിട്ടത്. മുണ്ടേരിമൊട്ടയില്‍ താമസിക്കുന്ന ഒരാളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പ്രസ്തുത ആള്‍ ഉന്നയിച്ച സംശയം. ഉച്ചയോടെ പൊലീസ് സ്ഥലത്തെത്തി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരെയെല്ലാം ചോദ്യം ചെയ്തുവെങ്കിലും മോഷ്ടാവിനെ തിരിച്ചറിഞ്ഞില്ല. എന്നാല്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാളെ മാത്രം മാറ്റി നിര്‍ത്തി ചോദ്യം ചെയ്തു. കവര്‍ച്ച നടന്ന സമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്. സംശയം തോന്നി എല്ലാ വസ്ത്രങ്ങളും എടുത്തുവരാന്‍ ആവശ്യപ്പെട്ടു. കൊണ്ടു വന്ന വസ്ത്രത്തിലൊന്നില്‍ ചതുപ്പിലെ ചെളി പുരണ്ടിട്ടുള്ളതായി കണ്ടെത്തി. വസ്ത്രം വിശദമായി പരിശോധിച്ചപ്പോള്‍ വസ്ത്രത്തിനകത്തു രണ്ടു മൊബൈല്‍ ഫോണുകളും അഞ്ച് വള, രണ്ട് കമ്മല്‍, ഒരു മാല എന്നിവ കാണപ്പെട്ടു. ഇവ സുലൈമാന്റെ ഭാര്യ ആയിഷ അണിഞ്ഞിരുന്ന ആഭരണങ്ങളായിരുന്നു. മുക്കുപണ്ടങ്ങളായതിനാലാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട കാര്യം വീട്ടുകാര്‍ പൊലീസിനോട് പറയാതിരുന്നത്. കവര്‍ച്ച നടക്കുന്നതിനു നാലു ദിവസം മുമ്പ് സദ്ദാം ഹുസൈന്‍ ഓട്ടോ ഡ്രൈവറായ സുലൈമാന്റെ വീട്ടില്‍ മൂന്നു ദിവസം കൂലിവേല ചെയ്തിരുന്നു. ഈ സമയം ആയിഷ ആഭരണങ്ങള്‍ അണിഞ്ഞിരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.’മോഷ്ടാവിനെ കണ്ടെത്തിയ പൊലീസ് സംഘത്തില്‍ എസ് ഐ സുധാകരന്‍, എ എസ് ഐ സുമേഷ്, സി പി ഒ മാരായ ഷെരീഫ, ഷിന്‍ജു, രതീശന്‍ എന്നിവരും ഉണ്ടായിരുന്നു.
