കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വികസന സെമിനാറില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് ബഹളം വച്ചു. എതിര്‍ മുദ്രാവാക്യങ്ങളുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകരും രംഗത്തു വന്നതോടെ സ്ഥിതി വഷളായി. പൊലീസെത്തി ബിജെപി നേതാക്കളെ ഹാളില്‍ നിന്നു പുറത്തേക്ക് നീക്കിയതോടെ സംഘര്‍ഷാവസ്ഥ ഒഴിവായി.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള ഹാളിലാണ് സെമിനാര്‍ നടന്നത്. ആരിക്കാടി, ഹനുമാന്‍ കോട്ടയിലെ നിധി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ സെമിനാറില്‍ സ്വാഗതം പറഞ്ഞതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പഞ്ചായത്തംഗങ്ങളും ബിജെപി നേതാക്കളുമായ പ്രമീള മജല്‍, മല്ലിക, എം. ഗിരീശ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രശേഖര എന്നിവര്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് വേദിക്കരികിലെത്തി. ഇതോടെ ഹാളില്‍ ഉണ്ടായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എതിര്‍ മുദ്രാവാക്യം വിളിയുമായി എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങളെ ഹാളില്‍ നിന്നു പുറത്തേക്ക് ബലമായി കൊണ്ടുപോയതോടെയാണ് സംഘര്‍ഷാവസ്ഥ ഇല്ലാതായത്.
