കാസര്‍കോട്: ശമ്പളവും ഡി.എ കുടിശ്ശികയും വിതരണം ചെയ്യുക, പുതിയ ബസുകള്‍ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി നേതൃത്വത്തില്‍ ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം തുടങ്ങി. തിങ്കളാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ച സമരം ചൊവ്വാഴ്ച രാത്രി 12ന് അവസാനിക്കും. സമരം ബസ് സര്‍വ്വീസിനെ കാര്യമായി ബാധിച്ചു. പല സര്‍വ്വീസുകളും റദ്ദാക്കി. കാസര്‍കോട്ടും സമരം ബസ് സര്‍വ്വീസിനെ ബാധിച്ചു. എന്നാല്‍ മംഗ്‌ളൂരു-കാസര്‍കോട് റൂട്ടില്‍ സമരം ബാധിച്ചില്ല.
കാസര്‍കോട് ഡിപ്പോയില്‍ നടത്തിയ സമരം ബിജു ജോണ്‍ ഉദ്ഘാടനം ചെയ്തു. എം.എ ജലീല്‍, കെ. നരേന്ദ്രന്‍, എ. രാമചന്ദ്ര, എം. സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം, തമ്പാനൂരില്‍ ഡിപ്പോയില്‍ നേരിയ സംഘര്‍ഷമുണ്ടായി. ബസുകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
