മലപ്പുറം: എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. വിഷ്ണുജയെ സൗന്ദര്യം കുറവെന്നും സ്ത്രീധനം നല്‍കിയത് കുറവെന്നും പറഞ്ഞു ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നു വീട്ടുകാര്‍ പറയുന്നു. ഒടുവില്‍ ജോലി ഇല്ലെന്നും പറഞ്ഞ് വിഷ്ണുജയെ മാനസീകമായി പീഡിപ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇതിന് കൂട്ട് നിന്നെന്നും ആരോപണം ഉന്നയിച്ച് വിഷ്ണുജയുടെ കുടുംബം പൊലീസിനെ സമീപിച്ചിരിക്കുകയാണ്. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) വ്യാഴ്ചയായിരുന്നു ഭര്‍തൃവീട്ടില്‍ മരിച്ചത്. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലായിരുന്നു. വിഷ്ണുജയെ നിരന്തരമായി ഭര്‍തൃ വീട്ടുക്കാര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഭര്‍ത്താവ് പ്രഭിന്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് വിഷ്ണുജ ആത്മഹത്യ ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി വിഷ്ണുജയുടെ കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷ്ണുജയുടെ മരണത്തില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ് പ്രഭിന്‍.
