ഉപ്പള: മംഗളൂരുവില്‍ പഠിക്കുന്ന കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മംഗളൂരുവിലേക്കുള്ള ഇന്റര്‍സ്റ്റേറ്റ് ബസ് യാത്രാ നിരക്ക് ഏകീകരിക്കണമെന്നു എന്‍.സി.പി. ജില്ലാ സെക്രട്ടറി സിദ്ദിഖ് കൈക്കമ്പ ഗതാഗതമന്ത്രിയോടാവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി എര്‍പ്പെടുത്തിയിട്ടുളള ഉയര്‍ന്ന യാത്ര നിരക്ക് വലിയ സാമ്പത്തിക ബാധ്യതയാണെന്നു നിവേദനത്തില്‍ അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ഒരു അക്കാദമിക് വര്‍ഷത്തേക്കു 1500 രൂപയുടെ പാസ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നു. അതേസമയം കേരള സര്‍ക്കാര്‍ മാസം 1350 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 14,200 രൂപയോളം വാങ്ങുന്നുണ്ടെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
മഞ്ചേശ്വരം താലൂക്കില്‍ നിന്ന് മംഗളൂരുവിലേക്ക് പഠനത്തിനും യാത്രയ്ക്കുമായി വിദ്യാര്‍ത്ഥികള്‍ കര്‍ണാടക ആര്‍.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. കര്‍ണാടകയിലെ സ്വകാര്യ ബസുകള്‍ നിരവധി വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും ബസ് പാസ് നിരക്ക് സമാനമാവേണ്ടതുണ്ട്. കേരള സ്റ്റേറ്റ് ബസുകളില്‍ കര്‍ണാടക ആര്‍.ടി.സി
മാതൃകയില്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ വിവേചന മനോഭാവം ഉപേക്ഷിക്കണമെന്നു സിദ്ദിഖ് ആവശ്യപ്പെട്ടു. കര്‍ണ്ണാടക സര്‍ക്കാര്‍ ബസ്സ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചപ്പോള്‍ കേരള ആര്‍.ടി.സി യും നിരക്ക് വര്‍ധിപ്പിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എന്ത് കൊണ്ടാണ് ഈ സമാന മനോഭാവം കേരള സര്‍ക്കാര്‍ പ്രകടിപ്പിക്കാത്തതെന്നു സിദ്ദിഖ് ആരാഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി ഇടപെട്ട് ഇരു സംസ്ഥാനങ്ങളിലും ബസ് പാസ് നിരക്ക് ഏകീകരിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
