കാസർകോട്: വായ്പ തിരിച്ചടവ് മുടങ്ങിയ എൻഡോസൾഫാൻ ദുരിതബാധിത തീർത്ഥക്കും കുടുംബത്തിനും ഇനി ആശ്വസിക്കാം. വീടും സ്ഥലവും ബാങ്ക് അധികൃതർ ജപ്തി ചെയ്യില്ല. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിന്റെ ഇടപെടലിനെ തുടർന്നാണ് ബാങ്ക് അധികൃതർ ജപ്തി നടപടിയിൽ നിന്ന് പിന്മാറിയത്. ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന്റെ ദുരവസ്ഥ കാരവൽ മീഡിയ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം അറിഞ്ഞ എംഎൽഎ ബാങ്ക് അധികൃതരുമായി ചർച്ച നടത്തി. 3.7 ലക്ഷം രൂപ തിരിച്ചടക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത് ഒഴിവാക്കിയെന്ന് കേരള ബാങ്ക് മിയാപദവ് ബ്രാഞ്ച് അധികൃതർ അറിയിച്ചു. മീഞ്ച ബാളിയാർ സ്വദേശി പ്രസാദിന്റെയും ബീനയുടെയും മകളായ തീർത്ഥയുടെ ചികിത്സക്കായാണ് 9 വർഷം മുമ്പ് ബാങ്കിൽ നിന്നും രണ്ടരലക്ഷം രൂപ ലോൺ എടുത്തത്. കോവിഡ് കാലം വരെ ലോൺ തിരിച്ചടച്ചിരുന്നു. പിന്നീട് അടവ് മുടങ്ങുകയായിരുന്നു. ഇപ്പോൾ വായ്പയും കുടിശ്ശികയും അടക്കം 5 ലക്ഷത്തിലേറെ രൂപയാണ് അടക്കേണ്ടത് എന്നാണ് ബാങ്ക് അധികൃതർ വീട്ടുകാരെ അറിയിച്ചത്. അടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതർ വീട്ടിൽ,’സ്ഥലം വിൽപ്പനയ്ക്ക്’ എന്ന പേരിൽ ബാനർ സ്ഥാപിച്ചത്. ബാങ്ക് നടപടിക്കെതിരെ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു.
