മംഗ്‌ളൂരു: ക്ഷേത്രത്തിനു സമീപത്ത് ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് അടച്ചിട്ട് പ്രേതാവാഹന പൂജകള്‍ നടത്തി. പൊലീസ് കാവലില്‍ നടന്ന പൂജാ ചടങ്ങുകള്‍ മണിക്കൂറുകളോളം നീണ്ടു നിന്നു.
മംഗ്‌ളൂരു-സുറത്ത്കല്ല് റോഡിനു സമീപത്തെ കൊട്ടാരംറോഡില്‍ ബുധനാഴ്ച രാത്രിയാണ് പ്രേതാവാഹന പൂജകള്‍ നടത്തിയത്. കൊട്ടാരം റോഡിനു സമീപത്തുള്ള റോഡിലും ക്ഷേത്ര പരിസരങ്ങളിലും കുറേ കാലമായി പല തരത്തിലുള്ള ദുര്‍നിമിത്തങ്ങള്‍ അനുഭവപ്പെടുന്നുണ്ടായിരുന്നുവെന്നു പറയുന്നു. ഇതു സംബന്ധിച്ച് നാട്ടുകാര്‍ ജ്യോത്സ്യനെ കണ്ട് രാശിചിന്ത നടത്തിയിരുന്നു. റോഡില്‍ നിരവധി പ്രേതങ്ങള്‍ ഉണ്ടെന്നും അവയെ ഉച്ചാടനം നടത്തിയില്ലെങ്കില്‍ വലിയ ദുരന്തത്തിനു തന്നെ സാധ്യതയുണ്ടെന്നും ജ്യോത്സ്യന്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി 10 മണി മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു നിന്ന ചടങ്ങുകള്‍ നടത്തിയത്. ഈ വിവരം റോഡിന്റെ ഇരുഭാഗങ്ങളിലും ബാനര്‍ കെട്ടി അറിയിച്ചിരുന്നു.
