ഡാളസ്:ഡാളസില്‍ നിന്നും പുറത്തിറക്കുന്ന ‘ഡി മലയാളി’ ഓണ്‍ലൈന്‍ ദിന പത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിനോയി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
ഞായറാഴ്ച വൈകിട്ട് ഡാലസ് കേരള അസോസിയേഷന്‍ ഓഫീസില്‍ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു പ്രകാശന കര്‍മം. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. അനുദിനം സാങ്കേതികവിദ്യയില്‍ പ്രകടമാകുന്ന അസൂയാവഹമായ വളര്‍ച്ച മാധ്യമ പ്രവര്‍ത്തകരംഗത്തും പ്രതിഫലിക്കുന്നു. വാര്‍ത്താ ചാനലുകള്‍, ഫെയ്സ്ബുക്ക്, ട്വിറ്റര്‍, സ്വകാര്യ ബ്ളോഗുകള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയായകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കകം ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലഭ്യമാകുന്നു. ഈ വിഷയങ്ങളെ കുറിച്ചു പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ പത്രപ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന ആവേശം പലപ്പോഴും അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നു. പത്രപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കുവാന്‍ ബാധ്യസ്ഥമായ കോഡ് ഓഫ് എത്തിക്സ് എന്ന അടിസ്ഥാന പ്രമാണങ്ങള്‍ പോലും ഇവിടെ ബോധപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു-ബിനോയി സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. ആധുനിക കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തനത്തേയും, പത്രപ്രവര്‍ത്തകരേയും അമിതമായി സ്വാധീനിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയായുടെ അനിയന്ത്രിതമായ കടന്നു കയറ്റം നിയന്ത്രിക്കപ്പെടേണ്ടതുണ്ട് ബിനോയ് കൂട്ടിച്ചേര്‍ത്തു.
‘ഡി മലയാളി’ ഓണ്‍ലൈന്‍ ദിന പത്രത്തിന്റെ വിജയത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത് ദ്രശ്യ, പ്രിന്റ്,ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഡാലസിലെ യുവ പത്രപ്രവര്‍ത്തകരാണ്. സാമൂഹിക-സാംസ്‌കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ പ്രതിഫലേച്ഛ കൂടാതെ ജനങ്ങളിലെത്തിക്കുക അതോടൊപ്പം തന്നെ അമേരിക്കയിലെ മലയാളികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ‘ഡി മലയാളി’ ദിനപത്രം ലക്ഷ്യമിടുന്നത്.
സണ്ണി മാളിയേക്കല്‍, പി പി ചെറിയാന്‍, ബിജിലി ജോര്‍ജ്, ടി സി ചാക്കോ, ബെന്നി ജോണ്‍, അനശ്വര്‍ മാമ്പിള്ളി, സാംമാത്യു, രാജു തരകന്‍, ലാലി ജോസഫ്, സിജു വി ജോര്‍ജ്, തോമസ് ചിറമേല്‍, പ്രസാദ് തിയോടിക്കല്‍, ഡോ: അഞ്ജു ബിജിലി എന്നിവരടങ്ങിയ പത്രാധിപ സമതിയാണ് ഡി മലയാളി ദിന പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ പൂര്‍ണമായി ഓണ്‍ലൈന്‍ ‘ഡി മലയാളി’ ദിനപത്രം സൗജന്യമായി ലഭ്യമാക്കാനാണ് ലക്ഷ്യം.
