തിരൂര്‍: അഴിമതിക്കാരായ നേതാക്കന്മാര്‍ പാര്‍ട്ടി ഓഫീസില്‍ അടയിരിക്കുന്നതു തടയുന്നതിനു മലപ്പുറത്തു യൂത്ത് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി ഓഫീസ് പൂട്ടി വെല്‍ഡ് ചെയ്തു.
തിരൂര്‍ ബി.പി അങ്ങാടിയിലെ തലക്കാടി മണ്ഡലം കമ്മിറ്റി ഓഫീസിന്റെ പൂട്ടാണ് ഓഫീസ് പൂട്ടിയ ശേഷം വെല്‍ഡ് ചെയ്ത് തുറക്കാനാവാത്ത തരത്തിലാക്കിയത്. ഇനിയിപ്പോ വെല്‍ഡിംഗ് മെഷീന്‍ കൊണ്ടുവന്ന് ആരെങ്കിലും പൂട്ടു മുറിച്ചാല്‍ അനുഭവിക്കേണ്ടി വരുമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ മുന്നറിയിച്ചു.
കാലങ്ങളായി കോണ്‍ഗ്രസ് ഭരണത്തിലുള്ള തലക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ കോഴ വാങ്ങിയാണ് നിയമനമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. സഹകരണത്തിന്റെ അപ്ലോസ്തലന്മാര്‍ കോഴയും തീവെട്ടിക്കോഴയും തുടരുമ്പോള്‍ തങ്ങളുടെ നേതാക്കന്മാര്‍ അതിനു കോഴ വാങ്ങുന്നതു കുറ്റകരമായി കരുതാനാവില്ലെന്നും എന്നാല്‍ അത്തരത്തില്‍ വാങ്ങുന്ന പണത്തിന്റെ ഒരു വിഹിതം പാര്‍ട്ടി പ്രവര്‍ത്തനത്തിനു നല്‍കണമെന്നുമായിരുന്നു കോണ്‍ഗ്രസുകാരോടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നിവേദനം. അവരതു എഴുതി ബാങ്ക് പ്രസിഡന്റു കൂടിയായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനു കൊടുത്തു. എന്നാല്‍ പതിവുപോലെ നിയമനം ലഭിച്ചവരില്‍ നിന്ന് വാങ്ങിയ പണം ഡയറക്ടര്‍മാര്‍ വിഹിതം വച്ചു കീശയിലിടുകയായിരുന്നുവത്രെ. ഇതില്‍ പ്രതിഷേധിച്ചാണ് ഓഫീസിന്റെ ലോക്ക് തുറക്കാനാവാത്ത തരത്തില്‍ വെല്‍ഡ് ചെയ്തതെന്നു പറയുന്നു. യുവാക്കളുടെ പ്രതിഷേധം നേതാക്കന്മാരെ അമ്പരപ്പിച്ചെന്നു പറയുന്നു. നാട്ടില്‍ ഇത് ചര്‍ച്ചയായിട്ടുണ്ട്.







