മംഗളൂരു: അന്തര്‍സംസ്ഥാന മോഷ്ടാവായ മഞ്ചേശ്വരം സ്വദേശി കര്‍ണാടക കഡബയില്‍ പിടിയില്‍. മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം മൂഡംബയലില്‍താമസിക്കുന്ന സൂരജാണ് പിടിയിലായത്. പ്രതിയില്‍നിന്ന് 21 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ഡിസംബര്‍ 18ന് അലങ്കാറില്‍ നടന്ന മോഷണ കേസിലെ പ്രതിയാണ് സൂരജ്. അലങ്കാര്‍-ഷറവൂര്‍ റോഡിനോട് ചേര്‍ന്നുള്ള പൊതുമരാമത്ത് കരാറുകാരനും അലങ്കാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും അലങ്കാര്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘം ഡയറക്ടറുമായ സുധാകര്‍ പൂജാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവദിവസം സുധാകര്‍ പൂജാരിയും ഭാര്യ സൗമ്യയും വീട് പൂട്ടി കുന്തൂരിലെ കൃഷി തോട്ടത്തില്‍ പോയിരുന്നു. ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പിന്‍വശത്തെ വാതില്‍ ചവിട്ടി കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് സ്വര്‍ണമാല, കുട്ടികളുടെ നാലു സ്വര്‍ണമോതിരങ്ങള്‍, വെള്ളി ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുകയായിരുന്നു. പരാതിയെ തുടര്‍ന്നു പൊലീസ് സൂരജിനെ തെരഞ്ഞുവരികയായിരുന്നു. താമസസ്ഥലത്തുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പുത്തൂര്‍ റൂറല്‍, വിട്ടല്‍, കടബ പൊലീസ് സംയുക്തമായി മൂഡംബയലിലെ വീട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ സുധാകര പൂജാരിയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു.
