കാസര്‍കോട്: സോഷ്യല്‍ മീഡിയവഴി സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം മീപ്പുഗിരിയില്‍ നടന്ന ആക്രമണ സംഭവം മുതലെടുത്ത് മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം സമൂഹമാധ്യമങ്ങള്‍ വഴി കലാപാഹ്വാനം നടത്തിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ഡിവൈഎസ്പിയും സൈബര്‍ പൊലീസ് എസ്എച്ച്ഒയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ആള്‍ക്കാരെയും, അത് ഷെയര്‍ ചെയ്യുന്നവരെയും, വിദ്വേഷ കമന്റ് ചെയ്യുന്നവരെയും നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഉള്ള സൈബര്‍ പ്രട്രോളിങ് ശക്തമാക്കി. സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതും, മത സ്പര്‍ദ്ധ ഉണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുന്നതും, ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
