കാസർകോട്: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിനിരയായ യുവാവിന് നഷ്ടമായത് അഞ്ചരലക്ഷത്തിലേറെ രൂപ. മുംബൈ സ്വദേശിയായ സ്ത്രീയും സുഹൃത്തിനെതിരെ മധൂർ കുഡ്ലു സ്വദേശി രാംപ്രസാദ് (35) കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകി. മഹാരാഷ്ട്ര സ്വദേശികളായ ബ്രിന്ദ മോഹൻ, റോഷൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഫേസ്ബുക്ക് സുഹൃത്തായി എത്തിയ ബൃന്ദ യാണ് 5,70,651 രൂപ ഓൺലൈൻ നിക്ഷേപം വഴി തട്ടിയെടുത്തത്. ഈ മാസം അഞ്ചിനാണ് ഫേസ്ബുക്ക് ഫ്രണ്ട് ആയി ഈ യുവതി എത്തിയത്. തുടർന്ന് ഓൺലൈൻ ട്രേഡിങ്ങിനെ കുറിച്ച് പരിചയപ്പെടുത്തി. ടെലഗ്രാം ലിങ്കും നൽകി. ചെറിയ തുക നിക്ഷേപിച്ചപ്പോൾ പറഞ്ഞതുപോലെ ലാഭവിഹിതവും നിക്ഷേപിച്ച തുകയും ലഭിച്ചിരുന്നു. പിന്നീടാണ് വൻ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. തുക ബാങ്ക് അക്കൗണ്ട് വഴി അയച്ചു കൊടുത്തെങ്കിലും പല കാരണങ്ങൾ പറഞ്ഞു പണം തടഞ്ഞുവച്ചു. തട്ടിപ്പ് മനസ്സിലായതോടെയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുംബൈ ആസ്ഥാനമാക്കിയ സംഘമാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ദിനംപ്രതി നിരവധി ആളുകളാണ് ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ ഇരയായി പണം നഷ്ടപ്പെടുന്നത്. ഫോൺ വഴിയോ, സമൂഹമാധ്യമങ്ങൾ വഴിയോ വരുന്ന നിക്ഷേപങ്ങൾക്കെതിരെ ജാഗ്രത വേണം എന്ന് പൊലീസ് അറിയിച്ചു.
