കൊച്ചി: ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ അധ്യാപിക അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിനിയായ സുപത മിശ്ര ചാറ്റർജി(54)യെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്പനിയിൽ നിന്നാണ് 1.05 കോടി തട്ടിയെടുത്തത്. സുപതയുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ഇൻഫോപാർക്ക് പൊലീസ് ബംഗാളിലെത്തി വീടുവളഞ്ഞാണു പ്രതിയെ പിടികൂടിയത്. ബോളിവുഡിലെ പ്രശസ്ത ഗായകനെന്നു പരിചയപ്പെടുത്തി സമൂഹമാധ്യമം വഴി സുതപ മിശ്രയുമായി അടുപ്പമുണ്ടാക്കിയ ആളാണ് തട്ടിപ്പുസംഘത്തിന്റെ തലവനെന്നു സംശയിക്കുന്നു. സുപതയുടെ അക്കൗണ്ടുകൾ വഴി തട്ടിയെടുത്ത പണത്തിന്റെ കൂടുതൽ പങ്കും മറ്റു പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു. ഇവരെ പൊലീസ് അന്വേഷിക്കുകയാണ്. വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയച്ചു കമ്പനിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത്. ബംഗാളിലെ ജൽഡ ഗ്രാമത്തിലെ ഗവ. ഇംഗ്ലിഷ് മീഡിയം ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയാണ് സുപത.
