രാജസ്ഥാന്‍: ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ആംബുലന്‍സിന്റെ വാതില്‍ തകരാറിലായതിനെ തുടര്‍ന്ന് യുവതി മരിച്ചു. 45 കാരിയായ രാജസ്ഥാന്‍ ഭില്‍വാരി സ്വദേശി സുലേഖയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുലേഖ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ആംബുലന്‍സിന്റെ വാതില്‍ തകരാറിലാവുകയായിരുന്നു. ആംബുലന്‍സിന്റെ ഗ്ലാസ് തകര്‍ത്ത് പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 15 മിനിറ്റോളം യുവതി വാഹനത്തിനുള്ളില്‍ കുടുങ്ങിയെന്നും അതിനാലാണ് തക്കസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
എന്നാല്‍ ആംബുലന്‍സിന്റെ വാതില്‍ തകരാര്‍ ആയതുമൂലമാണ് യുവതി മരിച്ചതെന്ന ആരോപണം ആംബുലന്‍സ് ഓപ്പറേറ്റിംഗ് പ്രൊവൈഡറായ ഇ എം ആര്‍ ഐ ജി എച്ച്എസ് നിഷേധിച്ചു. മരണം നേരത്തെ തന്നെ സംഭവിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
സംഭവത്തില്‍ ജില്ലാ കളക്ടര്‍ നമിത് മേത്ത അസിസ്റ്റന്റ് കളക്ടര്‍ അരുണ്‍ ജെയിനിന് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ട്. ഭില്‍വാര ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ സി പി ഗോസ്വാമിയും സംഭവം അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഗോസ്വാമി വ്യക്തമാക്കി.
