പുഷ്പക് എക്സ്പ്രസ് ട്രെയിനിന്റെ ചക്രത്തിൽ നിന്ന് തീയും പുകയും; തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് നിരവധി പേർ ട്രെയിനിൽ നിന്നും ചാടി; എതിർ ദിശയിൽ വന്ന ട്രെയിൻ ഇടിച്ചു 11 ഓളം പേർ മരിച്ചതായി വിവരം, നിരവധി പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ കർണാടക എക്‌സ്പ്രസ് ഇടിച്ച് 11പേർ കൊല്ലപ്പെട്ടതായി വിവരം. മുംബൈയിലേക്ക് പോവുകയായിരുന്ന പുഷ്പക് എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ദുരന്തം നടന്നത്. മഹേജി – പർ ധാദെ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടിച്ചെന്ന് പ്രചരണം നടന്നു. അഭ്യൂഹത്തിൽ ഭയന്ന യാത്രക്കാർ രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. പാളത്തിലേക്ക് ചാടിയ ആളുകളെ എതിർദിശയിൽ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. എട്ടോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, പുഷ്പക് എക്സ്പ്രസിൽ തീ പടർന്നുവെന്ന വിവരം വ്യാജമാണെന്നും സൂചനയുണ്ട്. തീപിടിച്ചെന്ന വാർത്ത കേട്ട് മുപ്പതോളം യാത്രക്കാരാണ് ട്രെയിനിൽ നിന്നും എടുത്തുചാടിയതെന്നാണ് വിവരം. ലക്നൗവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു പുഷ്പക് എക്സ്പ്രസ്. പുഷ്പക് എക്സ്പ്രസ്സിന്റെ അലാം ചെയിൻ യാത്രക്കാർ വലിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകൾ ഒരേ സമയം ചങ്ങല വലിച്ച് ട്രെയിനിൽ നിന്ന് ചാടിയതാകാനാണ് സാധ്യത എന്നും റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു. വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ടും കളക്ടറും സംഭവസ്ഥലത്ത് കുതിച്ചെത്തി. രക്ഷാപ്രവർത്തനത്തിനായി 8 ആംബുലൻസുകളെ സംഭവസ്ഥലത്ത് എത്തിച്ചു. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page