കണ്ണൂര്‍: ഉറങ്ങിക്കിടന്ന യുവാവിനെ ഉലക്ക കൊണ്ട് അടിച്ചു കൊന്നു. അച്ഛനും മകനും അറസ്റ്റില്‍. വലിയ അരീക്കാമലയിലെ ചാപ്പിലിവീട്ടില്‍ സി.കെ അനീഷി(42)നെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പത്മനാഭന്‍ (55), മകന്‍ ജിനീപ് (32) എന്നിവരെയാണ് കുടിയാന്മല പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-‘കൊല്ലപ്പെട്ട അനീഷും അറസ്റ്റിലായ പത്മനാഭനും ജിനീപും എക്‌സൈസ് കേസിലെ പ്രതികളാണ്. പത്തുവര്‍ഷം മുമ്പ് വലിയ അരീക്കാ മലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡിനു എത്തിയപ്പോള്‍ തടഞ്ഞുവെന്നാണ് കേസ്. ഈ കേസിന്റെ വിചാരണ തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നടക്കുന്നത്. എന്നാല്‍ ജിനീപ് തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കേസിന്റെ വിചാരണ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പത്മനാഭന്റെ വീട്ടില്‍ എത്തിയ അനീഷ് ഇതേ കുറിച്ച് ആരാഞ്ഞിരുന്നു. ഈ സമയത്ത് മദ്യലഹരിയിലായിരുന്ന ജനീപും പിതാവ് പത്മനാഭനുമായി അനീഷ് വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ വീട്ടിനു അകത്തേക്ക് പോയ ജിനീപ് ഉലക്കയുമായി എത്തി വീടിന്റെ വരാന്തയില്‍ കിടക്കുകയായിരുന്ന അനീഷിന്റെ തലയ്ക്കടിച്ചു. തലപൊട്ടി രക്തം ഒഴുകിയതോടെ പത്മനാഭന്‍ തുണി കൊണ്ടുവന്നു തലയില്‍ കെട്ടി. അതിനുശേഷം പത്മനാഭനും ജനീപും വീട്ടിനകത്തു ഉറങ്ങി. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പിറ്റേന്നു രാവിലെ എഴുന്നേറ്റപ്പോഴാണ് അനീഷിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.’
വിവരമറിഞ്ഞ് എത്തിയ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്നു ഉറപ്പിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകം സ്ഥിരീകരിച്ചു. തുടര്‍ന്ന് പത്മനാഭനെയും മകനെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
