കൊല്‍ക്കത്ത: ബസന്തിയില്‍ 12 ദിവസം മുമ്പ് കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം.
ഇതോടെയാണ് കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായോ എന്ന സംശയമുയര്‍ന്നത്.
ജനുവരി ഒന്‍പതിനാണ് പെണ്‍കുട്ടിയെ കാണാതായത്. വീടിനടുത്തുള്ള ചില ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയതായി പറയുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. രണ്ടുദിവസം പെണ്‍കുട്ടിയെ തെരഞ്ഞെങ്കിലും വീട്ടുകാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച വീടിനടുത്തുള്ള പാടത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച കുട്ടിയുടെ വീടിനുസമീപമുള്ള പാടത്ത് ഒരാളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് ഇവിടെ തിരച്ചില്‍ നടത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് സൂപ്രണ്ടന്റ് പലാഷ് ചന്ദ്ര ധാലി വ്യക്തമാക്കി. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയതിനുപിന്നാലെ പൊലീസിനെതിരെയും പ്രദേശത്ത് ജനകീയ പ്രതിഷേധമുണ്ടായി.
