കാസർകോട്: പൈവളിഗെ ബായാറിലെ മുഹമ്മദ് ആസിഫിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി. ആസിഫിൻ്റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകി.
ബായാർ ഗാളിയടുക്കയിലെ മുഹമ്മദ് ആസിഫി(25)നെ ടിപ്പർ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മാതാവ് സക്കീനയാണ് സിപിഎം നേതാക്കൾ വഴി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയെ നേരിട്ട് കണ്ടും കുടുംബം നിവേദനം നൽകി. ലാത്തിയുടെ കഷണങ്ങൾ കണ്ടതിനാൽ പൊലീസിനെതിരെയും ആരോപണം ഉണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സമഗ്ര അന്വേഷണം നടത്തി ദുരൂഹതകൾ നീക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുമെന്ന് വീട് സന്ദർശിച്ച സിപിഎം നേതാക്കൾ കുടുംബത്തിന് ഉറപ്പ് നൽകി.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പൈവളിഗെ കായർക്കട്ടയിൽ റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിയിൽ മുഹമ്മദ് ആസിഫിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്തിയോട് നിന്നും ആസിഫിൻ്റെ ബന്ധു വിളിച്ചതിനെ തുടർന്നാണ് പുലർച്ചെ രണ്ട് മണിക്ക് ടിപ്പർ ലോറിയുമായി വീട്ടിൽ നിന്നും പോയത്. ഉപ്പളയിൽ ഏറെ നേരം കാത്തിരുന്നിട്ടും കാണാത്തതിനെ തുടർന്ന് ബന്ധു നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള കായർക്കട്ടയിലെ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ മുഹമ്മദ് ആസിഫിനെ കണ്ടെത്തിയത്.
ലോറിക്കുള്ളിൽ ഒടിഞ്ഞ മുളവടിയും ഡ്രൈവറുടെ സീറ്റിനു സമീപത്തെ വാതിലിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. മുഹമ്മദ് ആസിഫിന്റെ ചെരുപ്പുകൾ റോഡരികിലാണുണ്ടായിരുന്നത്. ഇടുപ്പെല്ലിന് ഉണ്ടായ പൊട്ടൽ ആണ് മരണത്തിന് കാരണമെന്നാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർടം റിപോർട്ടിൽ പറയുന്നത്. വീഴ്‌ചയിലോ വാഹനമോ മറ്റോ ഇടിച്ചാലോ ആണ് ഇടുപ്പെല്ല് തകരാൻ സാധ്യതയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മകന്റെ ശരീരത്തിൽ കണ്ട പാടുകൾ മരണത്തിൽ സംശയങ്ങൾ വർധിപ്പിക്കുന്നു എന്ന് സക്കീന പറയുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആരോപണം. ടിപ്പർ ലോറിയിൽ നിന്ന് പൊലീസ് ലാത്തിയുടെ കഷ്ണം കണ്ടെത്തിയത് പൊലീസിന്റെ മർദനമാണ് മരണകാരണമെന്ന് സംശയിക്കാൻ ഇടയാക്കുന്നു എന്നും പരാതിയിൽ പറയുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്
