കാസര്‍കോട്: മാസങ്ങളായി പുലിപ്പേടിയിലാണ് മലയോര ഗ്രാമങ്ങള്‍. മുളിയാര്‍, മടിക്കൈ, കാറഡുക്ക പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ പുലി ഭീഷണിയുള്ളത്. മടിക്കൈ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ ആഴ്ചകളായി പുലിയെ പേടിച്ച് ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല. ഇവിടെ നാട്ടുകാര്‍ ഒരു മാസത്തിനുള്ളില്‍ പുലിയെ കണ്ടത് പത്തിലേറെ തവണയാണ്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും നാട്ടുകാര്‍ പുലിയെ കണ്ടതായി പറയുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഓട്ടോ ഡ്രൈവര്‍ കുഞ്ഞിരാമനും ബന്ധുക്കളായ രണ്ട് സ്ത്രീകളും നേരിട്ട് പുലിയെ കണ്ടിരുന്നു. ഇവര്‍ സഞ്ചരിച്ച ഓട്ടോയ്ക്ക് കുറുകെയാണ് പുലി പാഞ്ഞുപോയത്. ശനിയാഴ്ച ടാപ്പിംഗ് തൊഴിലാളിയായ ടി ചന്ദ്രനാണ് രാവിലെ വാഴക്കോട് പുലിയെ നേരിട്ട് കണ്ടത്. ശബ്ദം വെച്ചതോടെ പുലി തിരിച്ചുപോയി. ഈ മാസം 15ന് നെല്ലിയടുക്കത്തെ ബിജുവിന്റെ വീട്ടിലെ പട്ടിക്കൂടിന് സമീപം പുലിയെ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത പ്രവാസിയുടെ വീട്ടിലും ഇതേദിവസം പുലിയെ കണ്ടതായി പറയുന്നു. വാഴക്കോട്, ചുണ്ട, പച്ചക്കുണ്ട്, തോട്ടിനാട്ട്, ഏച്ചിക്കാനം, വെള്ളൂട, കോടോം ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ എന്നിവിടങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
വനം വകുപ്പ് വേണ്ടവിധത്തിലുള്ള ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ക്യാമറയില്‍ പുലി പതിഞ്ഞാല്‍ മാത്രമേ കൂട് സ്ഥാപിക്കുകയുള്ളൂ എന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന മറുപടിയെന്ന് നാട്ടുകാര്‍ പറയുന്നു. പുലികള്‍ നാട്ടിലിറങ്ങിയതോടെ കുരങ്ങന്മാരും കാട്ടുപന്നികളും കൃഷിയിടങ്ങളില്‍ എത്തുന്നതില്‍ കുറവ് വന്നിട്ടുണ്ടെന്ന് മുളിയാറിലെ നാട്ടുകാര്‍ പറയുന്നു.
