കാസര്‍കോട്: കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രം വെടി ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ച സംഭവത്തില്‍ ക്ഷേത്ര-ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെ. സദാനന്ദ കാമത്ത്, എസ് സദാനന്ദ കാമത്ത്, മധുസൂദന കാമത്ത്, ലക്ഷ്മണ പ്രഭു, സുധാകര കാമത്ത് എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി പത്തര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കിഴക്കു ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പില്‍ വച്ച് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള രീതിയില്‍ പടക്കം പൊട്ടിച്ചുവെന്നാണ് കേസ്. ഉത്സവാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസാണ് ഇത്. കഴിഞ്ഞ ദിവസം കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പാണ്ടിക്കണ്ടത്ത് പടക്കം പൊട്ടിച്ചതിന് ആദൂര്‍ പൊലീസും കേസെടുത്തിരുന്നു.
