കാസര്‍കോട്: പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ ജില്ലയിലെ കേര കര്‍ഷകര്‍ തേങ്ങയില്ലാതെ നിരാശപ്പെടുന്നു. തെങ്ങുകളിലുണ്ടാവുന്ന അജ്ഞാതരോഗങ്ങളും കാലാവസ്ഥ വ്യതിയാനവും കുരങ്ങുകളുടെ തേങ്ങ വിളവെടുപ്പും മൂലം തേങ്ങയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞെന്നു കര്‍ഷകര്‍ പറയുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാമാന്യം നല്ല വില ലഭിക്കുമ്പോള്‍ തെങ്ങുകളില്‍ തേങ്ങയില്ലാത്തതു കര്‍ഷകരെ നിരാശരാക്കിയിരിക്കുകയാണ്. ഇത് ഈ മേഖലയിലെ കച്ചവടക്കാരെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പച്ചത്തേങ്ങയുടെ ഇന്നത്തെ വില 50 മുതല്‍ 51 രൂപ വരെയാണെങ്കില്‍ ഉണ്ട കൊപ്രയുടെ വില 140ല്‍ കൂടുതലാണ്. ഇത് ഇന്നേവരെയുള്ള വിലയിലുണ്ടായ സര്‍വ്വകാല റെക്കോര്‍ഡാണ്.
2017ലാണ് നേരത്തെ പച്ച തേങ്ങയ്ക്ക് വിലകൂടിയത്. അന്ന് 43 രൂപ വരെ വില എത്തിയിരുന്നു. ആ വില
കുറച്ചു മാസമേ നിലനിന്നിരുന്നുള്ളൂ. 2021 ലാണ് വിലകുത്തനെ ഇടിഞ്ഞത്. അന്നത്തെ വില 20ലേക്ക് കൂപ്പുകുത്തി. ഇത്
കര്‍ഷകരെ ഏറെ നിരാശയിലാക്കിയിരുന്നു.
ചില സീസണ്‍ സമയങ്ങളിലാണ് നാളികേര വിലയില്‍ മാറ്റം ഉണ്ടാവുന്നത്. ഓണ സീസണിലാണ് ഇത് ഏറെ പ്രതിഫലിക്കുന്നത്. അതേപോലെ നവരാത്രി ആഘോഷങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വലിയതോതില്‍ തേങ്ങ കയറ്റി അയക്കുന്നതും ആ സമയങ്ങളില്‍ വില കൂടാന്‍ കാരണമാവുന്നുണ്ട്. വെളിച്ചെണ്ണയുടെ വിലയും കൂടിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി വര്‍ധിപ്പിക്കുന്നതിനനുസരിച്ച് തേങ്ങയുടെ വില കൂടുന്നത് പലപ്പോഴും കേരകര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്നുമുണ്ട്. ജില്ലയിലെ കേര കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടലും, പരിശോധനയും ആവശ്യപ്പെട്ട് മൊഗ്രാല്‍ ദേശീയവേദി സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഷംസുദ്ദീന്‍ മൊഗ്രാല്‍ മുഖേന ഡയറക്ടര്‍ കെ.ബി ഹെബ്ബാറിന് നിവേദനം നല്‍കിയിട്ടുണ്ട്.
