‘സുന്ദര മുഹൂര്‍ത്തവും കാത്ത്’ | Kookkanam Rahman

Author: കൂക്കാനം റഹ്‌മാന്‍

ഇന്നും അയാളുടെ നടത്തം കണ്ടു. നോക്കി നിന്നു പോകും ആ സ്‌റ്റൈലന്‍ നടത്തം. സന്ധ്യാസമയത്തെ സവാരിയിലും തൂവെള്ള വസ്ത്രം തന്നെ. മെല്ലെയുള്ള നടത്തത്തില്‍ ചിലപ്പോള്‍ കൂട്ടുകാരെയും കാണാം. നേരില്‍ സംസാരിക്കാന്‍ കൊതിയുണ്ട്. അതിന് തനിച്ചു കിട്ടണ്ടെ? തനിച്ചു കിട്ടുമ്പോള്‍ അഭിമുഖീകരിക്കാനുള്ള ധൈര്യം ചോര്‍ന്നുപോവുന്നു. മിണ്ടിയാല്‍ തിരിച്ചും മിണ്ടുമെന്ന് ഉറപ്പുണ്ട്. പക്ഷേ എന്തു ചെയ്യാന്‍? അയാള്‍ക്ക് എന്നെ മറക്കാന്‍ കഴിയില്ല. കൊതിച്ചതാണ് ഒന്നാവാന്‍. ആ ജീവിതം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ഭാഗ്യം ചെയ്തവള്‍ ആകുമായിരുന്നു. അവള്‍ അയാളെ കാണുമ്പോഴൊക്കെ പഴയ ചിന്തയിലേക്ക് ചേക്കേറും. കോളേജ് പഠന കാലത്തിന് ശേഷം ഞാനദ്ദേഹത്തെ നേരിട്ടു കണ്ടിട്ടില്ല. ബസ്സിറങ്ങി നടന്നു വരുമ്പോള്‍ അയാള്‍ ക്രോസ് ചെയ്ത് നടന്നു വരുന്നുണ്ടാവും. അന്നത്തെ ഇരുപതുകാരന്റെ മുഖത്ത് വിരിയുന്ന നിറഞ്ഞ പുഞ്ചിരി കാണാന്‍ എന്ത് ചന്തമായിരുന്നു! വര്‍ത്തമാനം പറയുമ്പോഴുള്ള മുഖഭാവം ആകര്‍ഷകമാണ്. അന്നും കാണാനും സംസാരിക്കാനും മോഹമായിരുന്നു. പക്ഷേ ഭയംമൂലം അതിന് സാധിച്ചില്ല. അദ്ദേഹം വേഗം നടന്നു പോകല്ലേ എന്ന് മനസ്സു പറയും. ഞാന്‍ പതിയെ നടക്കും. പക്ഷേ മുഖത്തെ പുഞ്ചിരി ഏറെ നേരം ആസ്വദിക്കാന്‍ എനിക്ക് അവസരം തരാതെ അദ്ദേഹം വേഗം നടക്കും. അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു കിരുകിരുപ്പ്.
വയസ്സ് അറുപത് കടന്നു. അയാള്‍ക്ക് എഴുപത് കടന്നു കാണും. റോഡിനരികിലുള്ള മതിലിന്റെ വിള്ളലിലൂടെയാണ് എന്റെ നോട്ടം. ആരും എന്നെ കാണില്ല. റോഡിലൂടെ പോകുന്നവരെയൊക്കെ എനിക്കു കാണാം. വൈകീട്ട് അഞ്ച് മണിയാവാന്‍ മനസ്സ് തിടുക്കം കൂട്ടും. റോഡിനിരുവശത്തും കാടുകളോ പുല്‍കൂട്ടമോ ഇല്ലാത്തതിനാല്‍ അകലെ നിന്ന് വരുന്ന അദ്ദേഹത്തെ കാണാം. നടത്തത്തിന് വേഗത കുറക്കട്ടേ എന്ന് മനസ്സ് മന്ത്രിക്കും. കൂട്ടത്തില്‍ ആരും ഇല്ലാതിരിക്കാനും പ്രാര്‍ത്ഥിക്കും. കടന്നുപോയാലും കണ്ണില്‍ നിന്ന് മറയുന്നത് വരേ നോക്കി നില്‍ക്കും. തിരിച്ചു വരവും ഇതിലൂടെ തന്നെ. സന്ധ്യയാവും തിരിച്ചു വരാന്‍. അതിനാല്‍ മനസ്സില്‍ കൊതി ബാക്കി വെച്ച് വീട്ടിലേക്ക് ചെല്ലും.
ഞാന്‍ സുന്ദരിയായിരുന്നു. എന്റെ കണ്‍മിഴികളുടെ സൗന്ദര്യത്തെക്കുറിച്ച് കൂട്ടുകാര്‍ പുകഴ്ത്തി പറയാറുണ്ട്. വീട്ടിലെ കണ്ണാടിക്കു മുന്നില്‍ അതാസ്വദിക്കാന്‍ ഏറെ സമയം കളഞ്ഞിട്ടുണ്ട്.
ഒരു പാട് സമ്പത്തിന്റെ ഉടമയായിരുന്നു അച്ഛന്‍. പ്രീഡിഗ്രി പഠന കാലത്തുതന്നെ ഒരു പാട് വിവാഹാലോചന വന്നിരുന്നു. അക്കൂട്ടത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. അച്ഛന്‍ ആഗ്രഹിച്ച നിലവാരത്തിലല്ലായിരുന്നു വന്നവരൊക്കെ. ഉദ്യോഗസ്ഥനാവണം. സൗന്ദര്യമുണ്ടാവണം. ചീത്ത സ്വഭാവങ്ങളൊന്നുമുണ്ടാവരുത്. ഞാന്‍ കൊതിച്ച വ്യക്തിക്ക് ഈ ഗുണങ്ങളെല്ലാമുണ്ട്. അധ്യാപകനായി ജോലി ചെയ്യുന്ന വ്യക്തിയെ അച്ഛന് അത്ര ഇഷ്ടമായില്ല. അദ്ദേഹവും നേരിട്ട് അന്വേഷിച്ചിട്ടില്ല. സുഹൃത്തുക്കളെ പറഞ്ഞു വിട്ട് അന്വേഷിച്ചതേയുള്ളു. അച്ഛന്റെ ഏകമകളാണ് ഞാന്‍. എന്നെ താലോലിച്ചു വളര്‍ത്തിയതാണ്. എന്റെ ഏതാഗ്രഹവും നിവര്‍ത്തിച്ചു തരാന്‍ അച്ഛന്‍ തയ്യാറാണ്. അച്ഛന്റെ അഭിപ്രായത്തിന് എതിരു നില്‍ക്കാന്‍ എനിക്കാവില്ല. എന്റെ നന്മയും വിജയവുമാണ് അച്ഛന്റെ ആത്യന്തികലക്ഷ്യം. ആറ് എക്രയോളം വരുന്ന ഭൂമിയും അതിലെ അതിമനോഹരമായ ഭവനവും എനിക്കുള്ളതാണ്. ഇഷ്ടം പോലെ സ്വര്‍ണ്ണാഭരണങ്ങളുണ്ട്. സ്വര്‍ണ്ണ ഭ്രമമൊന്നും എനിക്കില്ല. അത്യാവശ്യ ആഭരണങ്ങള്‍ ധരിക്കും.
മകള്‍ക്ക് വിവാഹാലോചന വരുന്നത് ഒരു ഡോക്ടറോ എഞ്ചിനീയറോ ആവണമെന്നാണ് അച്ഛന്റെ കൊതി. പെങ്ങളുടെ മകന്‍ മെഡിസിന് പഠിക്കുന്നുണ്ട്. അച്ഛന് അവനിലൊരു കണ്ണുണ്ടായി. അതിനുള്ള തീവ്രശ്രമം അച്ഛന്‍ നടത്തിക്കൊണ്ടിരുന്നു. വാസ്തവത്തില്‍ എനിക്കതിനോട് താല്‍പര്യമുണ്ടായില്ല. പക്ഷേ എതിര്‍ത്തൊന്നും പറഞ്ഞില്ല. ഞങ്ങള്‍ അടുത്തടുത്ത വീടുകളിലായിരുന്നു താമസം. കണ്ടും കേട്ടും ഇടപെട്ടും ഒന്നിച്ചു ജീവിച്ചവരായിരുന്നു. രക്തബന്ധവും ഞങ്ങള്‍ തമ്മിലുണ്ടല്ലോ?അതിന്റെ വരും വരായ്കകളെക്കുറിച്ച് അദ്ദേഹത്തിന് പൂര്‍ണബോധ്യമുണ്ടാവാം. കക്ഷിക്ക് ഡോക്ടറെ തന്നെ വിവാഹം ചെയ്യണമെന്ന മോഹവും ഉണ്ട് എന്നറിഞ്ഞു. അച്ഛന്റെ ആഗ്രഹം അതിനാല്‍ അസ്തമിച്ചു.
തുടര്‍ന്ന് അന്വേഷണം നടന്നുകൊണ്ടിരുന്നു. നാട്ടുകാരനായ എഞ്ചിനീയറിലായി അച്ഛന്റെ നോട്ടം. പലരുമായും അക്കാര്യം സംസാരിച്ചു. എഞ്ചിനീയര്‍ക്ക് എന്നെ ഇഷ്ടമാണെന്നറിഞ്ഞു. അച്ഛന്‍ മകള്‍ക്ക് വിവാഹാലോചനയുമായി വരുന്ന വ്യക്തിയുടെ വര്‍ത്തമാന സാഹചര്യങ്ങള്‍ മാത്രമല്ല നോക്കുക, അയാളുടെ പാരമ്പര്യം, ബന്ധുജനങ്ങളുടെ നന്മതിന്മകള്‍ എല്ലാം നോക്കും. അതില്‍ ചിലകാര്യങ്ങളില്‍ അച്ഛന് തൃപ്തി വന്നില്ല. അതിനാല്‍ അതും അലസിപ്പോയി. അപ്പോഴും എനിക്ക് സന്തോഷമായി. ആദ്യം വന്ന മാഷ് തന്നെ വീണ്ടും വരുമോ എന്ന് കൊതിച്ചു. അപ്പോഴേക്കും അദ്ദേഹം വിവാഹിതനായെന്നറിഞ്ഞു. അതും എന്റെ ബന്ധത്തില്‍ പെട്ട ഒരുവളെയാണെന്നും അറിഞ്ഞു. ബന്ധത്തില്‍ പെട്ടതായതിനാല്‍ കാണാനെങ്കിലും പറ്റുമല്ലോ എന്ന് സമാധാനിച്ചു.
ക്രമേണ അച്ഛന്‍ ഡോക്ടറെയും എഞ്ചിനീയറെയും സൗന്ദര്യവും ഒക്കെ വിട്ടു കളഞ്ഞു. സമ്പത്തിന് പ്രാധാന്യം കൊടുത്തു അമേരിക്കയിലെ പേരുകേട്ട കമ്പനിയിലെ സൂപ്പര്‍വൈസറായ വ്യക്തി വിവാഹാലോചനയുമായെത്തി. ഇത്രയുമൊക്കെ ആയപ്പോള്‍ എന്റെയും മനസ്സു മാറി. അമേരിക്കയിലേക്ക് ചേക്കേറാമെന്ന മോഹം മനസ്സിലുദിച്ചു. അദ്ദേഹം കാണാന്‍ വന്നു. രൂപവും ഭാവവും ഞങ്ങളുടെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു. ആശിച്ചതൊന്നും നടക്കില്ലല്ലോ? ആര്‍ഭാടപൂര്‍വ്വം വിവാഹം നടന്നു. മാഷും ചടങ്ങില്‍ പങ്കെടുത്തിരുന്നു എന്ന് പറഞ്ഞു കേട്ടു. കാണാന്‍ പറ്റിയില്ല. എങ്കിലും മനസ്സില്‍ മുളപൊട്ടിയ ആഗ്രഹം നിലച്ചുപോയി. നേരില്‍ കണ്ടിട്ട് ഒരു വാക്ക് പറയാന്‍ പറ്റിയില്ലെന്ന വേദന മനസ്സിലുണ്ടായി. അമേരിക്കയിലേക്ക് പറന്നു. ആര്‍ഭാടമായിരുന്നു ജീവിതം’ നാല് വര്‍ഷത്തിനകം മൂന്ന് മക്കളുടെ അമ്മയായി. ആഗ്രഹിച്ച ജീവിത പങ്കാളികളേക്കാള്‍ സമ്പത്ത് കൊണ്ട് മുമ്പനായിരുന്നു അമേരിക്കക്കാരന്‍’
അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കുടുംബ സമേതം നാട്ടിലേക്ക് തിരിച്ചു. മൂന്ന് മാസത്തെ അടിപൊളി ജീവിതത്തിന് ശേഷം അദ്ദേഹം മാത്രം ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി. ആ പോക്ക് ജീവിതത്തിന്റെ അവസാന പോക്കായിരുന്നു എന്ന് തിരിച്ചറിഞ്ഞത് അദ്ദേഹം യാത്ര ചെയ്ത വിമാനം അപകടത്തില്‍പെട്ട് യാത്രക്കാരില്‍ പലരും മരിച്ചു പോയെന്നുള്ള അറിയിപ്പാണ്. അതില്‍ അദ്ദേഹവും പെട്ടുപോയിരുന്നു.
കാലം ഒരു പാട് മുന്നോട്ടു പോയി. മക്കളൊക്കെ ജോലിയില്‍ പ്രവേശിച്ചു. വിവാഹിതരായി സ്വന്തം സ്വന്തം വീടുവെച്ചു താമസിക്കുന്നു.
അറുപതിലെത്തിയ ഞാന്‍ അതൊക്കെ ഓര്‍മ്മിക്കുന്നു. യൗവനകാലത്ത് മനസ്സില്‍ കൊണ്ടു നടന്ന ആ മനുഷ്യന്‍ സന്തോഷത്തോടെ കുടുംബ സമേതം ജീവിച്ചു വരുന്നു എന്നറിഞ്ഞതില്‍ സംതൃപ്തിയുണ്ട്.
ഇനി ഒന്നും ഞങ്ങള്‍ക്കാവില്ലെന്നറിയാം. എന്റെ ജീവിത കഥ അദ്ദേഹത്തിനറിയുമോ എന്നറിയില്ല. എല്ലാം പറയണം. അതില്‍ സന്തോഷം കണ്ടെത്തണം.ആരെന്തു വിചാരിച്ചാലും അതൊന്നും ഞാന്‍ പ്രശ്നമാക്കുന്നില്ല. അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിക്കും. കഥകളെല്ലാം പറയും. അദ്ദേഹത്തിനും പറയാനുണ്ടാകുമേറെ. ബാല്യ യൗവന കാലത്തെ സ്നേഹവും മോഹങ്ങളും വാര്‍ദ്ധക്യകാലത്ത് ഓര്‍ക്കാനും പറയാനും എന്തു രസമായിരിക്കും? ആ ഒരു സുന്ദര മുഹൂര്‍ത്തത്തെ സ്വപനം കണ്ടിരിക്കുകയാണ് ഞാന്‍.🍁

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page