കഞ്ചിക്കട്ടപാലം പുനര്‍നിര്‍മാണം അനിശ്ചിതത്വത്തില്‍; നിര്‍മാണം വേഗത്തിലാക്കണമെന്ന് ആദി ദളിത് മുന്നേറ്റ സമിതി

kanchikata-bridge

കാസര്‍കോട്: കഞ്ചിക്കട്ട-കൊടിയമ്മ പാലം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ച് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും പുനര്‍നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. വൈകുന്നതില്‍ പ്രതിഷേധവുമായി ജില്ലാ ആദി ദളിത് മുന്നേറ്റ സമിതി. 2023 ഡിസംബര്‍ മാസമായിരുന്നു അപകടാവസ്ഥയിലായ പാലം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ അടച്ചിടാന്‍ ഉത്തരവിറക്കിയത്. എന്നിട്ടും പുനര്‍നിര്‍മ്മാണ കാര്യത്തില്‍ അനശ്ചിതത്വം നിലനില്‍ക്കുകയാണ്. കഞ്ചിക്കട്ട പാലത്തിന്റെ ദുരവസ്ഥയും കാലപ്പഴക്കവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാലം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കളക്ടറേറ്റിന് മുന്നില്‍ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എകെഎം അഷ്‌റഫ് എംഎല്‍എ വിഷയം നിയമസഭയില്‍ പോലും ചൂണ്ടിക്കാട്ടി സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഡബ്ല്യുഡി-ജലസേചന വകുപ്പുതല ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ചു സത്യാവസ്ഥ മനസ്സിലാക്കി റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ഇതുകൊണ്ടൊന്നും പുനര്‍നിര്‍മാണത്തിന് പുരോഗതി ഉണ്ടായില്ലെന്ന് ആദി ദളിത് മുന്നേറ്റ സമിതി ജില്ലാ പ്രസിഡണ്ട് പികെ ചന്ദ്രശേഖര്‍ ആരോപിച്ചു. നേരത്തെ പാലം വഴി നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍, സ്‌കൂള്‍ ബസുകളും ഇതുവഴി പോകാറുണ്ടായിരുന്നു. പാലത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കിയാണ് കഴിഞ്ഞ വര്‍ഷം പാലം അടച്ചിടാന്‍ കലക്ടര്‍ ഉത്തരവ് ഇറക്കിയത്. പാലം അടച്ചിടുമ്പോള്‍ പകരം സംവിധാനം ഒരുക്കിയിരുന്നില്ല. അതിനാല്‍ പാലം ഉപയോഗപ്പെടുത്തിയിരുന്ന ആറോളം പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുമ്പള ടൗണിലേക്കും, സ്‌കൂളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരേണ്ട വഴിയാണ് അടഞ്ഞത്. ഇത് മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നാട്ടുകാര്‍ക്ക് ഏറെ പ്രയാസവും, സമയനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്.
1972 ല്‍ സ്ഥാപിച്ചതാണ് കഞ്ചിക്കട്ട പാലം. ഗതാഗത സൗകര്യത്തിന് പുറമെ വേനല്‍ക്കാലത്ത് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാനും, കര്‍ഷകര്‍ക്ക് കൃഷിക്ക് വേണ്ടി വെള്ളം സംഭരിക്കാനുള്ള ആവശ്യത്തിനായിരുന്നു വിസിബി സംവിധാനത്തോടെ പാലം നിര്‍മ്മിച്ചത്. നേരത്തെ ഇതിലൂടെ ബസ് സര്‍വീസുകളും ഉണ്ടായിരുന്നുവെന്ന് ആദി ദളിത് മുന്നേറ്റ സമിതി പറയുന്നു. വിഷയത്തില്‍ യുദ്ധകാലാ ടിസ്ഥാനത്തില്‍ പാലത്തിന്റെ പുനര്‍നിര്‍മാണം വിസിബി സംവിധാനത്തോടെ തന്നെ നടത്തണമെന്നും, നാട്ടുകാരുടെയും, കര്‍ഷകരുടെയും ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് ആദി ദളിത് മുന്നേറ്റ ഘടകം നിവേദനം നല്‍കി. നേരത്തെ ചന്ദ്രശേഖരന്‍ പികെ താലൂക്ക് തല അദാലത്തിലും നിവേദനം നല്‍കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page