പാലക്കാട്: നോമ്പു കഞ്ഞിയില്‍ വിഷംകലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ ദമ്പതികളെ കുറ്റക്കാരാണെന്നു കണ്ടെത്തി. ശിക്ഷാവിധി നാളെ. മണ്ണാര്‍ക്കാട്, കരിമ്പുഴ, തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71) കൊല്ലപ്പെട്ട കേസിലെ പ്രതികളായ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല എന്നിവരെയാണ് മണ്ണാര്‍ക്കാട് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്. നബീസയുടെ മകളുടെ മകനാണ് ബഷീര്‍.
2016 ജൂണ്‍ 24ന് ആണ് നബീസയുടെ മൃതദേഹം ആര്യമ്പാവ് -ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറയ്ക്ക് സമീപത്ത് കണ്ടെത്തിയത്.
കൊലപാതകത്തിനു നാലു ദിവസം മുമ്പ് നബീസയെ പേരമകനായ ബഷീര്‍ നമ്പ്യാന്‍കുന്നിലുള്ള തന്റെ വീട്ടിലേയ്ക്ക് കൊണ്ടുവന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 22-ാം തീയ്യതി നോമ്പു കഞ്ഞിയില്‍ ചിതലിനെ നശിപ്പിക്കാനുള്ള വിഷം ചേര്‍ത്തു നല്‍കി. ഇതു കഴിച്ച നബീസയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു മനസിലാക്കിയ ഫസീലയും ഭര്‍ത്താവും ബലംപ്രയോഗിച്ച് വിഷം വായിലേയ്ക്ക് ഒഴിച്ചു കൊടുത്തു. മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. 24ന് രാത്രി മൃതദേഹം ചാക്കില്‍കെട്ടി റോഡരുകില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്. എഴുത്തും വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പാണ് കേസില്‍ നിര്‍ണ്ണായകമായത്. ആത്മഹത്യാകുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും ഇത് മറ്റൊരു കടലാസിലേയ്്ക്ക് പകര്‍ത്തിയെഴുതിയത് ബഷീര്‍ ആണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഭര്‍ത്താവിന്റെ പിതാവിനു വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫസീലയും ഭര്‍ത്താവ് ബഷീറും നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃപ്പൂണിത്തറയില്‍ പര്‍ദ്ദ ധരിച്ചെത്തി മുളക് പൊടി സ്‌പ്രെ ചെയ്ത് പണവും ആഭരണം കവര്‍ന്ന കേസിലും 2018ല്‍ കല്ലേക്കാട് ബ്ലോക്ക് ഓഫീസിനു സമീപത്തെ ഫ്‌ളാറ്റില്‍ നിന്നു സ്വര്‍ണ്ണം കവര്‍ന്ന കേസിലും ഫസീല പ്രതിയാണ്.
