ദോഹ: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ട്. ദോഹയില്‍നടന്ന മധ്യസ്ഥചര്‍ച്ച ഫലം കണ്ടതോടെ അന്തിമ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രഖ്യാപിക്കും. 15 മാസം നീണ്ട യുദ്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്. കഴിഞ്ഞ ദിവസം ഗാസ വെടിനിർത്തൽ കരടുരേഖ ഹമാസ് അംഗീകരിച്ചിരുന്നു. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുൻകയ്യെടുത്തു ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ചർച്ചയിലാണു കരടുരേഖയായത്. ജനുവരി 20നു ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുൻപു വെടിനിർത്തൽ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡൻ ഭരണകൂടം മധ്യസ്ഥതയ്ക്കിറങ്ങിയത്.യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച ചട്ടക്കൂടിനുള്ളിൽ യുഎൻ രക്ഷാസമിതി അംഗീകരിച്ച വെടിനിർത്തൽ കരാർ 3 ഘട്ടമായാണു നടപ്പിലാക്കുക.2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി 1200-ഓളം പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിനുപിന്നാലെയാണ് ഗാസയിൽ യുദ്ധം തുടങ്ങിയത്. ബന്ദികളിൽ 80-ഓളം പേരെ 2023 നവംബറിൽ നിലവിൽവന്ന വെടിനിർത്തൽസമയത്ത് മോചിപ്പിച്ചിരുന്നു. ഇതിനുപകരമായി ഇസ്രയേലിൽ തടവിലുണ്ടായിരുന്ന ഏതാനും പലസ്തീൻകാരെ മോചിപ്പിച്ചിരുന്നു. ബന്ദികളിൽ 94 പേരെ ഇനിയും വിട്ടുകിട്ടാനുണ്ട് അവരിൽ മുപ്പതിലേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇസ്രയേൽ പറയുന്നത്.
