കാസര്‍കോട്: ‘പാങ്ങുള്ള കാസര്‍കോട് ബജാറില്‍ ചേലോടെ തെരുവിളക്കുകള്‍ തെളിയുന്നു’ -എന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. നഗരസൗന്ദര്യ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡുമുതല്‍ പഴയ ബസ് സ്റ്റാന്‍ഡുവരെ തെരുവിളക്കുകള്‍ പ്രകാശിക്കുന്നുണ്ടെന്നും അവകാശപ്പെടുത്തു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇരുട്ടിലാണ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ നേതാജി ഓട്ടോ സ്റ്റാന്‍ഡ് പരിസരം. രണ്ടുവര്‍ഷം മുമ്പ് ഇവിടെ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് ഒരുവര്‍ഷമായി പ്രകാശിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ലൈറ്റ് സ്ഥാപിച്ച ശേഷം വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. രാത്രികാലങ്ങളില്‍ ബസ്റ്റാന്‍ഡിനകത്ത് വരുന്നവരും ബസ് ഇറങ്ങി നുള്ളിപ്പാടി കോട്ടക്കണ്ണി ഭാഗത്തേക്ക് നടന്നു പോകുന്നവരും ഈ ലൈറ്റിനെ ആശ്രയിച്ചിരുന്നു. വൈകുന്നേരം 6 മണി കഴിഞ്ഞാല്‍ ഈ ഭാഗത്ത് ഇരുട്ടാണ്. പിന്നെ പരിസരം സാമൂഹ്യവിരുദ്ധര്‍ കയ്യേറും. ഇതുകാരണം ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ വയ്ക്കാനാകുന്നില്ലെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. ഇരുട്ടിന്റെ മറവില്‍ ഇവിടെ പലതും നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്ധ്യകഴിഞ്ഞാല്‍ ഇതുവഴി കടന്നു പോകാന്‍ ഭയമാണ്. ഹൈ മാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരും ഇവിടത്തെ ഓട്ടോത്തൊഴിലാളികളും അധികൃതരോട് ആവശ്യപ്പെടുന്നത്.
