കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന സിപിഎം ജില്ലാസമ്മേളനത്തിനു മുന്നോടിയായുള്ള സെമിനാറുകള്‍ക്ക് 14ന് തുടക്കം കുറിക്കും. 14 മുതല്‍ എല്ലാ ഏരിയകളിലും നടക്കുന്ന സെമിനാറുകളില്‍
പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
14ന് വൈകിട്ട് നീലേശ്വരം ആരാധന ഓഡിറ്റോറിയത്തില്‍ സി രവീന്ദ്രനാഥും അന്ന് വൈകിട്ട് ചുള്ളിക്കരയില്‍ ദിനേശന്‍ പുത്തലത്തും 18ന് കുറ്റിക്കോലില്‍ ഡോ. ടി എന്‍ സീമയും, 20ന് പെരിയാട്ടടുക്കത്ത് എം സ്വരാജും 21ന് കാലിക്കടവില്‍ ജോണ്‍ ബ്രിട്ടാസും 22ന് കാഞ്ഞങ്ങാട്ട് മീനാക്ഷി മുഖര്‍ജിയും 23ന് കാഞ്ഞങ്ങാട് നടക്കുന്ന കുടുംബസംഗമത്തില്‍ വി എന്‍ വാസവനും 24ന് ചെറുവത്തൂര്‍ ഇ എം എസ് ഓഡിറ്റോറിയത്തില്‍ ജിജു പി അലക്സും 24ന് കാഞ്ഞങ്ങാട്ട് നടക്കുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ നിതീഷ് നാരായണനും 25ന് കാഞ്ഞങ്ങാട് നടക്കുന്ന മാധ്യമ സെമിനാറില്‍ എം വി നികേഷ് കുമാര്‍, എം വി ശ്രേയാംസ് കുമാര്‍, പി സരിന്‍ എന്നിവരും 25ന് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വി അബ്ദുറഹ്‌മാനും 27ന് വെള്ളരിക്കുണ്ടില്‍ ഡോ. വിജു കൃഷ്ണനും 27ന് കാഞ്ഞങ്ങാട്ട് നടക്കുന്ന വനിതാ കൂട്ടായ്മയില്‍ കെ കെ ശൈലജയും 28ന് ഇരിയണ്ണിയില്‍ നടക്കുന്ന സെമിനാറില്‍ എം എ ബേബിയും 28ന് കുമ്പളയില്‍ കെ ടി ജലീലും പ്രസംഗിക്കും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
15ന് അലാമിപ്പള്ളിയില്‍ പുരുഷ വീഭാഗം വടംവലിയും 17ന് അമ്പലത്തറയില്‍ വോളിബോളും
17 മുതല്‍ 20 വരെ ദുര്‍ഗ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരവും 18ന് പടന്നക്കാട്ട് കബഡി മത്സരവും 19ന് പുതുക്കൈയില്‍ ഷൂട്ടൗട്ടും ചാലിങ്കാലില്‍ ക്രിക്കറ്റ് മത്സരവും പെരിയയില്‍ കാരംസ് മത്സരവും നടക്കും. 20ന് പുല്ലൂരില്‍ വനിതാവിഭാഗം വടംവലിയും 26ന് നമ്പ്യാറടുക്കത്ത് ബാറ്റ്മിന്റന്‍ മത്സരവും നടത്തും. 26ന് രാവിലെ ബേക്കല്‍ മുതല്‍ കാഞ്ഞങ്ങാട് വരെ മാരത്തോണ്‍ ഉണ്ടായിരിക്കുന്നതാണ്. ഇതിനു പുറമെ കലാ പ്രദര്‍ശനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15ന് കിഴക്കുംകരയില്‍ കൈകൊട്ടിക്കളിയും 19ന് കൊളവയലില്‍ പൂരക്കളിയും 24ന് രാവണീശ്വരത്ത് നാടന്‍ കലാമേളയും 26ന് വൈകിട്ട് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നാടകപ്രവര്‍ത്തകരെ ആദരിക്കലും 27ന് ടൗണ്‍ ഹാളില്‍ ചലച്ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും. 28ന് ടൗണ്‍ഹാളില്‍ സിനിമാ പ്രദര്‍ശനം നടക്കും. 29ന് ജില്ലയിലെ സിനിമാക്കാരുടെ സംഗമം ടൗണ്‍ഹാളില്‍ ഉണ്ടായിരിക്കും. 30ന് മാപ്പിളപ്പാട്ട്, ഒപ്പന എന്നിവയും 31ന് മാര്‍ഗംകളിയും പരിചമുട്ടു കളിയും നടക്കും.
സമ്മേളനത്തിന് മുന്നോടിയായി 15ന് ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളിലും പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും പതാക ഉയര്‍ത്തും. പ്രചാരണ കുടിലുകള്‍, ശില്‍പങ്ങള്‍ എന്നിവ നിര്‍മിക്കും.
പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക പൈവളിഗെ സ്മൃതി മണ്ഡപത്തില്‍നിന്നും കൊടിമരം കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്നും എത്തിക്കും.
പൊതുസമ്മേളന നഗറിലേക്കുള്ള പതാക മുനയംകുന്ന് രക്തസാക്ഷി മണ്ഡപത്തില്‍നിന്നും കൊടിമരം, ചീമേനി രക്തസാക്ഷി മണ്ഡപത്തില്‍നിന്നും എത്തിക്കും. ദീപശിഖ ജില്ലയിലെ എല്ലാ രക്തസാക്ഷി മണ്ഡപത്തില്‍നിന്നുമാണ് കൊണ്ടുവരുന്നത്. ഏഴിന് കാഞ്ഞങ്ങാട്ട് അരലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയും ചുവപ്പുസേനാ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, വി വി രമേശന്‍, കെ രാജ്മോഹന്‍, കെ വി സുജാത, പി കെ നിഷാന്ത്, പി അപ്പുക്കുട്ടന്‍, സി ഷുക്കൂര്‍, ഡോ. സി ബാലന്‍, എം രാഘവന്‍ എന്നിവരാണ് സമ്മേളന പരിപാടിയുടെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
