നീലേശ്വരം: കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ധനുമാസത്തിലെ തിരുവാതിര നാളില്‍ 700 അംഗനമാര്‍ പങ്കെടുത്ത മെഗാതിരുവാതിര ക്ഷേത്രാങ്കണത്തില്‍ അരങ്ങേറി.
മെഗാതിരുവാതിര കാണുന്നതിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ ക്ഷേത്രാങ്കണത്തിലെത്തിയിരുന്നു. പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി നടന്ന മെഗാ തിരുവാതിര പള്ളിക്കരയില്‍ ഉത്സവാന്തരീക്ഷം പകര്‍ന്നു
കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തില്‍ നടക്കാന്‍ പോകുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായാണ് തിരുവാതിര അരങ്ങിലെത്തിയത്. അഞ്ചു വയസ്സുള്ള അനിന മുതല്‍ 60 വയസ്സുള്ള തങ്കമണി വരെ ധനുമാസ തിരുവാതിരയില്‍ അണിചേര്‍ന്നു. ഗായിക നിരഞ്ജനി ജയരാജ്, ഡോ. നീന ജയകൃഷ്ണന്‍, കാര്‍ത്തിക ചന്ദ്രന്‍ എന്നിവര്‍ പാട്ടുകള്‍ ആലപിച്ചു. നാടന്‍കല അക്കാദമി പുരസ്‌കാര ജേതാവും മയ്യിച്ച സ്വദേശിനിയുമായ ജയശ്രീയും, മായ കൈലാസനാഥും ചേര്‍ന്നാണ് നൃത്തം ചിട്ടപ്പെടുത്തിയത്. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ പ്രദേശങ്ങളിലെ ആളുകളാണ് തിരുവാതിര കളിയില്‍ പങ്കെടുത്തത്. രണ്ടുമാസത്തെ പരിശീലത്തിനു ശേഷമാണ് തിരുവാതിര അവതരിപ്പിച്ചത്.
