കൊൽക്കത്ത: നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ദേശീയ ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അൻവറിനെ സ്വീകരിച്ചു. പാർട്ടിയുടെ സംസ്ഥാന കോ ഓർഡിനേറ്റർ ചുമതല അൻവറിനെ ഏൽപ്പിച്ചു. കൊൽക്കത്തയിൽ അഭിഷേക് ബാനർജി ഓഫീസിൽവെച്ച് ഇരുവരും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. അതേസമയം കൂറ് മാറ്റാൻ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനം നഷ്ടപ്പെടും എന്നതിനാൽ പാർട്ടിയിൽ അംഗത്വം എടുക്കുക പിന്നീട് ആയിരിക്കും. മമതാ ബാനർജിയെ പങ്കെടുപ്പിച്ച് ഈ മാസം മലപ്പുറത്തോ കോഴിക്കോടോ പൊതുസമ്മേളനം നടത്തുമെന്ന് അൻവർ അറിയിച്ചു. സിപിഎം ബന്ധം ഉപേക്ഷിച്ച അൻവർ ഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആദ്യം ശ്രമിച്ചതെങ്കിലും അവർ താൽപര്യം കാണിച്ചില്ല. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന കൂട്ടായ്മ രൂപീകരിച്ച അൻവർ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. പക്ഷേ കാര്യമായ ചലനം ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. പിന്നീട് ഡൽഹിയിലെത്തിയ അൻവർ തൃണമൂൽ നേതാക്കളുമായി ചർച്ച നടത്തി. തൃണമൂലിൽ ചേരാനുള്ള ശ്രമം വഴിമുട്ടിയെന്നും പിന്നാലെ ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നും ഉപതിരഞ്ഞെടുപ്പ് സമയത്ത് വാർത്തയുണ്ടായിരുന്നു. ഇത് കോൺഗ്രസ് നേതാക്കൾ തള്ളി.നിലമ്പൂർ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസിൽ ഒരുദിവസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയ അൻവർ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ, അൻവറിനെ യു.ഡി.എഫിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനം നീളുന്നതിനിടെയാണ് ബംഗാളിലെത്തി തൃണമൂലിനൊപ്പം ചേരുന്നത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവർത്തിക്കാമെന്ന് തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു.