ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സും കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ഓഹരി പങ്കാളിത്തമുള്ള സര്‍ക്കാര്‍ സ്ഥാപനമായ സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ പണമിടപാടില്‍ 185 കോടി രൂപയുടെ അഴിമതി നടന്നതായി എസ്എഫ്‌ഐഒ കണ്ടെത്തി. യഥാര്‍ഥ ചെലവിനെക്കാള്‍ വ്യാജബില്ലുകള്‍ പെരുപ്പിച്ച് കാട്ടിയാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സങ്കല്‍പാതീതമായ അഴിമതിയാണ് ഈ ഇടപാടില്‍ നടന്നിട്ടുള്ളതെന്നും അത് രാഷ്ട്രീയ പാര്‍ടികള്‍ക്കും നേതാക്കന്മാര്‍ക്കും വേണ്ടിയാണെന്നും കണ്ടെത്തിയിട്ടുള്ളതായാണ് സൂചന. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ചാണ് അഴിമതി നടത്തിയതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തീക ഭദ്രതയ്ക്ക് വലിയ വെല്ലുവിളിയാണ് ഈ ഇടപാട് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അഴിമതി സംബന്ധിച്ച് കൂടുതല്‍ അന്വേഷണവും തുടര്‍ നടപടികളും സ്വീകരിക്കാനാവുമെന്ന് ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ഡല്‍ഹി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു. നിയമം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുമെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സി എം ആര്‍ എല്‍ ചെലവുകള്‍ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കില്‍പ്പെടുത്തി. ചരക്ക് നീക്കത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവിട്ടെന്ന് വ്യാജ ബില്ലുകളുണ്ടാക്കിയെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു.