ലുധിയാന: ആം ആദ്മി പാർട്ടി എംഎൽഎ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ഗുർപ്രീത്. വെള്ളിയാഴ്ച രാത്രി പിസ്റ്റൾ വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നും തലയ്ക്ക് വെടിയേറ്റതായും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ അവകാശപ്പെട്ടതായി ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം നടക്കുമ്പോൾ മുറിയിൽ തനിച്ചായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.ഗുർപ്രീതിനെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. അന്വേഷണം നടക്കുന്നതായും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണത്തിൻ്റെ ഔദ്യോഗിക കാരണം വ്യക്തമാകൂ എന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2022-ൽ ആണ് ഗുർപ്രീത് ആം ആദ്മിയില്‍ ചേരുന്നത്. മുൻ പഞ്ചാബ് മന്ത്രിയും സിറ്റിങ് എംഎൽഎയുമായിരുന്ന ഭരത് ഭൂഷൺ ആഷുവിനെ ലുധിയാന (വെസ്റ്റ്) അസംബ്ലി മണ്ഡലത്തിൽ നിന്ന് 7,500 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുഖ്‌ചെയിൻ കൗർ ഗോഗി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥി ഇന്ദർജിത് സിങ്ങിനോട് പരാജയപ്പെടുകയായിരുന്നു.