പത്തനംതിട്ട: പത്തനംതിട്ടയില്‍ 18 വയസ്സുകാരിയായ കായികതാരത്തെ പീഡിപ്പിച്ച 10 പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. 13 വയസ്സുമുതല്‍ 18 വയസ്സു വരെയുള്ള കാലയളവിലായി 62 പേരാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇവരില്‍ 40 പേരെ തിരിച്ചറിഞ്ഞു. ഇവരുടെയെല്ലാം പേരുകളും മറ്റു വിവരങ്ങളും പെണ്‍കുട്ടി തന്റെ ഡയറിയില്‍ കൃത്യമായി എഴുതി വച്ചിട്ടുള്ളതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സി.ഡബ്ല്യു.സിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയില്‍ നിന്നു വിശദമായ മൊഴിയെടുത്തത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കായികതാരമായ പെണ്‍കുട്ടിയെ ചൂഷണം ചെയ്തവരില്‍ പരിശീലകരും കായികതാരങ്ങളും സഹപാഠികളും ഉണ്ടെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. അതിനാല്‍ പീഡനകേസുകളുടെ അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പൊലീസ് അധികൃതര്‍ നല്‍കുന്ന സൂചന.