വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്ന് 114 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് നസീമ(31) ആണ് പിടിയിലായത്. പുത്തൂര്‍ ഉപ്പിനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കടബ താലൂക്കിലെ ബണ്ട്ര നെക്കിതഡ്ക്ക സ്വദേശി മുസ്തഫയുടെ ഭാര്യ അബീബയുടെ ഹാന്‍ഡ് ബാഗില്‍ നിന്ന് സ്വര്‍ണം മോഷണം പോയത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു അമീബയും ഭാര്യാസഹോദരന്റെ ഭാര്യ ഹസീറ ബാനുവും. വീട്ടിലെത്തിയപ്പോഴാണ് ഹാന്‍ഡ്ബാഗിന്റെ സിപ്പര്‍ തുറന്നിരിക്കുന്നതും സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി കാണാതായതും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉപ്പിനങ്ങാടി പൊലീസ് ടൗണ്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം നസീമ ബെല്‍ത്തങ്ങാടിയിലേക്ക് ബസില്‍ കയറുന്നതും, കല്ലേരിയില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ പാണ്ഡവരകല്ല് ഭാഗത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. 2021 മുതല്‍ നിരവധി മോഷണക്കേസുകളിലെ സ്ഥിരം കുറ്റവാളിയാണ് ബണ്ട്വാള്‍ കൊമിനട്ക്ക സ്വദേശിനി നസീമ. വീട്ടിലെത്തി പ്രതിയ പിടികൂടി ചോദ്യം ചെയ്തതോടെ മോഷണം നടത്തിയതായി സമ്മതിച്ചു. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ അവരുടെ സ്‌കൂട്ടറിന്റെ ബോക്‌സില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. സിഐ രവി ബിഎസ്, എസ്‌ഐ അവിനാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നസീമയെ തന്ത്രപരമായി പിടികൂടിയത്.