ഗ്രാമനന്മ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകള്‍ | Kookkanam Rahman

വളരെ ചെറുപ്പം മുതലേ ഞാന്‍ തമ്പായി ഏട്ടിയെ കാണുന്നുണ്ട്. നടത്തത്തിന് വേഗത ഉണ്ട്. ഇരുകൈകളും വീശിയാണ് നടത്തം. പാര്‍ട്ടി ജാഥയില്‍ വളണ്ടിയര്‍മാര്‍ നടക്കുംപോലെ. എന്നും സാരിയും ബ്ലൗസുമാണ് വേഷം. കരിവെള്ളൂര്‍ നിടുവപ്പുറം എന്ന സ്ഥലത്തെ കൊച്ചു വീട്ടിലാണ് താമസം. ജനിച്ചന്നു തൊട്ടേ കമ്യൂണിസ്റ്റ്കാരിയാണ്. ഇന്ന് എഴുപത്തേഴിലെത്തിയിട്ടും അതിന് മാറ്റം വന്നിട്ടില്ല. അധികാര സ്ഥാനങ്ങളിലേക്കൊന്നും കയറിപ്പറ്റാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. അല്ലെങ്കില്‍ അവരെ പിടിച്ചുയര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ല.
തുറന്നുള്ള വിമര്‍ശനങ്ങള്‍ ഇവരുടെ കൂടെപ്പിറപ്പാണ്. സത്യസന്ധതയെ മുറുകെ പിടിക്കുന്ന വ്യക്തിത്വമാണ്. ജനിച്ചു വീണ നിടുവപ്പുറം മുതല്‍ കുണിയന്‍ ചിറവരെ വെറും ഒഴിഞ്ഞ പ്രദേശമാണെന്ന് തമ്പായി ഏട്ടിയുടെ അച്ഛന്‍ പറയുന്നത് കേട്ടത് ഓര്‍മ്മയുണ്ട് പോലും. പത്തുവയസ്സു മുതല്‍ കരിവെള്ളൂരിലും ചുറ്റുമുള്ള പ്രദേശത്തുംവന്ന മാറ്റങ്ങള്‍ തമ്പായിയുടെ മനസ്സിലുണ്ട്. കരിവെള്ളൂരില്‍ ആദ്യമായി ആരംഭിച്ച വായനശാലയെക്കുറിച്ചു പറയാന്‍ തമ്പായിക്ക് നൂറ് നാവാണ്. പയങ്ങപ്പാടന്‍ കുഞ്ഞിരാമന്‍, കെ. കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം കൊടുത്ത് വായനശാല കമ്മറ്റി ഉണ്ടാക്കിയതും അവരുടെ നേതൃത്വത്തില്‍ കൊങ്ങിണിയന്‍ വളപ്പിലെ അവുള്ളക്കയെക്കണ്ട് പത്ത് സെന്റ് സ്ഥലം സൗജന്യമായി കരിവെള്ളൂര്‍ പള്ളിക്കൊവ്വലില്‍ സംഘടിപ്പിച്ചതും ഓര്‍മ്മിച്ചു പറഞ്ഞു. അന്ന് പത്തുവയസ്സുകാരിയാണ് തമ്പായി. നാട്ടുകാരില്‍ നിന്ന് ഒരണ രണ്ടണ പിരിവെടുത്ത് വായനശാല നിര്‍മ്മാണം തുടങ്ങി.
പത്തുവയസ്സുകാരിയുടെ വായനശാല ഓര്‍മ്മ ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും പറയുന്നത് കേള്‍ക്കാന്‍ കൗതുകമുണ്ട്. താഴെ വലിയൊരു ഹാള്‍, മുകളില്‍ ഒരു ഓഫീസ് റൂം, കല്ല് കൊണ്ട് കെട്ടിയ സ്റ്റപ്പ് എന്നിവ കാണാന്‍ എന്തു ഭംഗിയായി രുന്നു. കൂട്ടുകാരികളായ പണ്ടാര ലീല, പാട്ടാളി നാരായണി, വടക്കലത്തെ ഭാരതി, പറങ്കി നാരായണി എന്നിവരുടെ കൂടെ തമ്പായിയും വായനശാലയില്‍ കളിക്കാന്‍ പോകും. വായനശാല അധികകാലം നീണ്ടുനിന്നില്ല. 1957ല്‍ അന്നത്തെ ഇ.എം.എസ്. മന്ത്രിസഭ കരിവെള്ളൂരില്‍ സര്‍ക്കാര്‍ ആശുപത്രി അനുവദിച്ചു. വായനശാലയേക്കാള്‍ പ്രധാനമാണ് ആശുപത്രി എന്ന ധാരണയില്‍ പ്രസ്തുത കെട്ടിടം ആശുപത്രിക്ക് വിട്ടു നല്‍കി. ആദ്യം നിയമിതനായ ഡോക്ടരുടെ പേരുപോലും തമ്പായി മറന്നിട്ടില്ല. ‘പൂമാര്‍’ എന്നാണ് ഡോക്ടറുടെ പേര്. ആശുപത്രി ഉല്‍ഘാടന ദിനവും അതോടനുബന്ധിച്ചു നടന്ന പ്രസംഗങ്ങളും കഴിയുന്നത് വരെ അവിടെ ഇരുന്നതും. സന്ധ്യകഴിഞ്ഞിട്ടു വീട്ടിലെത്താഞ്ഞപ്പോള്‍ കിട്ടിയ അടിയും മറക്കില്ലെന്ന് അവര്‍ പറഞ്ഞു.
പേടിപ്പെടുത്തുന്ന പ്രദേശമായിരുന്നു അക്കാലത്തെ നിടുവപ്പുറം, വഴിയരികില്‍ ഉണ്ടായ വലിയ ആല്‍മരവും അതിനടുത്തുണ്ടായ വലിയ പനയും പനയുടെ മുകളില്‍ യക്ഷി ഉണ്ടെന്ന വിശ്വാസവും പേടിപ്പെടുത്തുന്നതായിരുന്നു. അച്ഛന് യക്ഷിക്കഥകളിലൊന്നും വിശ്വാസമില്ലായിരുന്നു. ‘യക്ഷി ഉണ്ടെങ്കില്‍ അതിന്റെ നെഞ്ചത്തു കൂടി ഞാന്‍ നടക്കും’
എന്ന് പ്രഖ്യാപിച്ച അച്ഛന്റെ മകള്‍ക്ക് യക്ഷിപ്പേടിയൊന്നുമുണ്ടായില്ല. ഈ ഭാഗങ്ങളില്‍ ഏറിയ ഭൂമിയും ബ്രാഹ്‌മണരുടെ കൈവശമായിരുന്നു. പറമ്പിന്റെ അതിരുകള്‍ ഉയരമുള്ള മണ്‍കയ്യാല കൊണ്ടാണ് വേര്‍തിരിച്ചിരുന്നത്. ഇരു ഭാഗത്തും ഇടുങ്ങിയ കിളകളായിരുന്നു. കയ്യാലയ്ക്കു വേണ്ടി മണ്ണെടുത്തതുകൊണ്ടാണ് ആഴമുള്ള കിളകള്‍ ഉണ്ടായത്. അക്കാലത്ത് നടന്നു പോകുന്ന സ്ഥലത്തെ വഴിയെന്നോ, നടപ്പാതയെന്നോ പറയാറില്ല. കിളയിലൂടെ വന്നു, കിളയിലൂടെ പോയി എന്നൊക്കെയാണ് സംസാരിച്ചിരുന്നത്. ബ്രാഹ്‌മണന്മാരും, അന്തര്‍ജനങ്ങളും നടന്നു പോകുമ്പോള്‍ കീഴ്ജാതിക്കാര്‍ വഴി മാറി കൊടുക്കണം. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ തമ്പായിയുടെ മുഖത്ത് അമര്‍ഷം തുടിക്കുന്നത് കണ്ടു.
ചെറുപ്പത്തിലേ രൂഢമൂലമായ സാമൂഹ്യ പ്രവര്‍ത്തനം യുവത്വത്തിലും സജീവത കൈവരിച്ചു. മഹിളാ സമാജ രൂപീകരത്തിലൂടെ പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി. 1978 ല്‍ വടക്കുമ്പാട് മഹിളാ സമാജത്തിലെ അംഗമായി പ്രവര്‍ത്തം തുടങ്ങി. അന്ന് പയ്യന്നൂര്‍ ബ്ലോക്കില്‍ നിന്ന് അനുവദിച്ചു കിട്ടിയ 100 കക്കൂസ് സ്ലാബുകള്‍ വീടുകളില്‍ എത്തിച്ചു കൊടുത്ത കാര്യം സൂചിപ്പിച്ചപ്പോള്‍ തമ്പായിയുടെ മുഖത്ത് സന്തോഷം സ്ഫുരിക്കുന്നത് കണ്ടു.
1981ല്‍ നിടുവപ്പുറം രൂപീകരിച്ച മഹിളാസമാജം സെക്രട്ടറിയായിരുന്നു പി.പി. തമ്പായി. നേതൃപാടവം വേണ്ടുവോളമുണ്ട്. പക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തമൂലം നേതൃപദവി അവര്‍ക്ക് അപ്രാപ്യമായി. പക്ഷേ നാട്ടുകാരുടെ നേതാവാണ് തമ്പായി ഏട്ടി. മഹിളാ സമാജം റജിസ്റ്റര്‍ ചെയ്യാന്‍ തലശ്ശേരി ചെന്നതും അതിനനുഭവിച്ച ബുദ്ധിമുട്ടുകളും ഉള്‍പ്പുളകത്തോടെയാണ് തമ്പായി സംസാരിച്ചത്.
മഹിളാ സമാജത്തിന്റെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലിപ്പിച്ച് ഇരുപത് വനിതകളെ തയ്യല്‍ക്കാരികളാക്കി മാറ്റി. ഈ പ്രദേശത്തെ 50 കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് റവയും ഡാല്‍ഡ യും പയ്യന്നൂര്‍ ബ്ലോക്കില്‍ നിന്ന് നിരന്തര സമ്മര്‍ദ്ദം മൂലം അനുവദിച്ചു കിട്ടിയതും ഓര്‍ത്തു പറഞ്ഞു.
1998ല്‍ നിടുവപ്പുറത്ത് സ്വയംസഹായ സംഘം ര്രപീകരിച്ചു. ഇരുപത് പേരെ അംഗങ്ങളായി കണ്ടെത്തി മാസം അഞ്ചുരൂപാ തോതില്‍ നിക്ഷേപം സ്വീകരിച്ചു. പ്രവര്‍ത്തനം മുന്നോട്ടു പോയപ്പോള്‍ അതിനു പാര വെക്കാന്‍ ചിലര്‍ തുനിഞ്ഞു. ‘നമ്മളെ പൈസ നമ്മളെ വീട്ടില്‍ തന്നെ ഒരു പാട്ടയില്‍ ഇട്ടു വെച്ചാല്‍ ആവശ്യത്തിന് എടുക്കാം പിന്നെന്തിന് സ്വയം സഹായ സംഘത്തില്‍ ഇടണം’.
ഈ പ്രചരണത്തില്‍ ചിലര്‍ അകപ്പെട്ടു. പക്ഷേ ആ സംഘം കുടുംബശ്രീയില്‍ ലയിച്ചപ്പോള്‍ ആനുകൂല്യങ്ങള്‍ കിട്ടാന്‍ തുടങ്ങി. മുമ്പ് ആരോപണമുന്നയിച്ച് മാറി നിന്നവര്‍ തിരിച്ചു വന്നു.
നിടുവപ്പുറത്ത് അങ്കണ്‍വാടി അനുവദിച്ചു കിട്ടുന്നതിലും അഹോരാത്രം അധ്വാനിച്ചു. ഈ പ്രദേശത്തെ കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ആശ്രയ കേന്ദ്രമായി മാറിയ അങ്കണ്‍വാടി യുടെ പ്രവര്‍ത്തനം കാണുമ്പോള്‍ മനസ്സിന് ആശ്വാസം തോന്നും.
എഴുപത്തേഴാം വയസ്സിലും ആവേശത്തോടെ സമൂഹത്തിന് തന്നാലാവും വിധം നന്മചെയ്യാന്‍ തമ്പായി ഏട്ടി സന്നയാണ്. ദാരിദ്ര്യം മൂലം പ്രൈമറി ക്ലാസില്‍ പഠനം നിര്‍ത്തിയ തമ്പായി തുല്യതാ പരീക്ഷയിലൂടെ ഏഴാം ക്ലാസും എസ്.എസ്.എല്‍.സിയും വിജയിച്ചിരിക്കുകയാണ്. ഇപ്പോള്‍ഏകാന്ത ജീവിതമാണ് നയിക്കുന്നത്. ഭര്‍ത്താവും രണ്ട് ആണ്‍കുട്ടികളും വിട പറഞ്ഞു. കക്ഷിരാഷ്ട്രീയ ജാതി. മതവ്യത്യാസമില്ലാതെ പ്രദേശത്തെ എല്ലാ വീടുകളും തമ്പായി ഏട്ടി സന്ദര്‍ശിക്കും. സുഖവിവരങ്ങള്‍ അറിയും. ചിറകുകള്‍ അരിഞ്ഞു പോയ അമ്മ പക്ഷിയാണെങ്കിലും അവര്‍ മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ സദാ സജ്ജമാണ്. ഉള്ളിലെ വേദന പുറത്തു കാണിക്കാതെ സദാ പുഞ്ചിരിയുമായാണ് അവര്‍ സഹയാത്രികരെ കാണുന്നത്. പത്തു വയസ്സിലാരംഭിച്ച സാമൂഹ്യ പ്രവര്‍ത്തന ത്വര എഴുപത്തേഴിലും അക്ഷീണം തുടരുകയാണവര്‍. സ്ഥാനമാനത്തിനോ അംഗീകാരമോഹത്തിനോ അല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. തന്റെ ചുറ്റുമുള്ളവരുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്കാളിയായിക്കൊണ്ട് ഏവരുടെയും സ്‌നേഹ സൗഹൃദമേറ്റുവാങ്ങിക്കൊണ്ട് അവര്‍ ഇന്നും സേവന പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page