ലക്‌നൗ: യു.പി.യിലെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാല കാമ്പസ് ബോംബു വച്ചു തകര്‍ക്കുമെന്ന് ഇ-മെയില്‍ ഭീഷണി.
ഭീഷണിയെത്തുടര്‍ന്നു പൊലീസും യൂണിവേഴ്‌സിറ്റി അധികൃതരും മൗലാന ആസാദ് ലൈബ്രറി ഉള്‍പ്പെടെ ജനത്തിരക്കേറിയ യൂണിവേഴ്‌സിറ്റി പരിസരങ്ങളില്‍ അതിശക്തമായ ജാഗ്രത പുലര്‍ത്തുകയാണ്.
കാമ്പസിനുള്ളിലെയും കാമ്പസിനോടു ചേര്‍ന്നുമുള്ള സങ്കീര്‍ണ്ണ മേഖലകളിലെല്ലാം പൊലീസ് പരിശോധനയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നു പൊലീസ് സൂപ്രണ്ട് മൃഗങ്ക് ശേഖര്‍ പഥക് പറഞ്ഞു. ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശത്തില്‍ വന്‍ തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നു യൂണിവേഴ്‌സിറ്റി വക്താവ് അസിം സിദ്ദിഖി അറിയിച്ചു. പൊലീസും സൈബര്‍ ക്രൈംസെല്ലും മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും നീക്കം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ്, കാമ്പസിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിലയുറപ്പിട്ടുണ്ട്. ഡല്‍ഹിയിലെ 12വോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വ്യാഴാഴ്ച ബോംബു ഭീഷണി ഉണ്ടായിരുന്നു.
ഡല്‍ഹിയിലെ നിരവധി സ്ഥാപനങ്ങള്‍ക്കും യു.പിയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ ബോംബു ഭീഷണി ഉണ്ടായിരുന്നു. അന്വേഷണത്തില്‍ ഭീഷണികള്‍ തട്ടിപ്പായിരുന്നെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ബോംബ് ഭീഷണി സന്ദേശമയച്ചയാളെന്നു കരുതുന്ന ഒരു 12-ാം ക്ലാസുകാരനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു.