ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെ വ്യാജബോംബ് ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. 6 തവണയാണ് പല സ്‌കൂളുകള്‍ക്കായി വിദ്യാര്‍ഥി വ്യാജ ബോംബ് സന്ദേശം അയച്ചത്. തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥി വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് സിറ്റി പൊലീസ് പറഞ്ഞു. അതേസമയം സ്വന്തം സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി ഭീഷണി സന്ദേശം അയയ്ക്കുകയും ചെയ്തിട്ടില്ല. 23 സ്‌കൂളുകളിലേക്ക് വരെ ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. സംശയം തോന്നാതിരിക്കാനാണ് സ്വന്തം സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി സന്ദേശം അയയ്ക്കാതിരുന്നതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ബോംബ് ഭീഷണി വഴി പരീക്ഷ തടസപ്പെടുത്താം എന്നായിരുന്നു കണക്കുകൂട്ടിയിരുന്നത് എന്നും പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും സ്‌നിഫര്‍ ഡോഗ്‌സും സ്‌കൂളുകളില്‍ എത്തി പരിശോധന നടത്തിയിരുന്നു.
ബോംബ് ഭീഷണിയെ തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഈ വിദ്യാര്‍ഥി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ ആഗ്രഹിച്ചിരുന്നില്ല. ബോംബ് ഭീഷണി കാരണം പരീക്ഷകള്‍ റദ്ദാക്കിയതായി പൊലീസ് അറിയിച്ചു. തുടര്‍ച്ചയായ വ്യാജ ബോംബ് വാര്‍ത്തകള്‍ അധികാരികള്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു. ഡല്‍ഹിയില്‍ ഇത്രയും ഭയാനകമായ ഒരു അവസ്ഥ താന്‍ കണ്ടിട്ടില്ലെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം സമാനമായി ഡിപിഎസ് ആര്‍കെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെ 40-ലധികം സ്‌കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു.
സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ചെറിയ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവ നിര്‍വീര്യമാക്കാന്‍ 30,000 ഡോളര്‍ വേണമെന്നും ആവശ്യപ്പെട്ടതായിരുന്നു സന്ദേശം. അതേസമയം അടിക്കടി ഇത്തരം വ്യാജ ഭീഷണികള്‍ വരുന്നതിനാല്‍ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും സിറ്റി പൊലീസ് പരിശീലനം നല്‍കിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പൊലീസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.