കണ്ണൂര്‍: സിബിഐ ഓഫീസില്‍ നിന്നു വിളിക്കുന്നുവെന്നു പറഞ്ഞ് പറ്റിച്ച് ഗൃഹനാഥന്റെ പത്തരലക്ഷം രൂപ തട്ടിയെടുത്തു. ആറളം, കോഴിയോട് സ്വദേശി വടക്കത്ത് അബിന്‍ ബിനോയിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പരാതിക്കാരനായ അബിന്റെ പിതാവ് ബിനോയ് മാത്യൂസിന്റെ പണമാണ് നഷ്ടമായത്.
ബിനോയ് മാത്യു ബംഗ്‌ളൂരുവില്‍ പെര്‍ഫ്യൂം കമ്പനി നടത്തി വരികയായിരുന്നു. കൊറോണ കാലത്തെ ലോക്ക്ഡൗണ്‍ സമയത്ത് സ്ഥാപനം പൂട്ടി നാട്ടിലേക്ക് മടങ്ങി.
2024 ഒക്‌ടോബര്‍ 21ന് സിബിഐ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ് ഒരാള്‍ ബിനോയ് മാത്യുവിനെ ഫോണില്‍ വിളിച്ചു. കമ്പനി ഇന്‍കംടാക്‌സ് വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ ക്രമക്കേട് ഉണ്ടെന്നും ക്രിമിനല്‍ കേസാണെന്നും ഉടന്‍ പത്തു ലക്ഷം രൂപ അടയ്ക്കണമെന്നും പറഞ്ഞു. റിട്ടേണ്‍ ഫയല്‍ ചെയ്തത് പരിശോധിച്ച് നികുതി ക്രമപ്പെടുത്തി ബാക്കി തുക തിരികെ നല്‍കാമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. ഇതനുസരിച്ച് പണം അയച്ചു കൊടുത്തു. പിന്നീടും പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിയെത്തിയതോടെയാണ് തട്ടിപ്പാണെന്നു മനസ്സിലായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫരീദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അജയ്ഗുപ്തയുടെ നേൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് നടത്തിയതെന്നു വ്യക്തമായിട്ടുണ്ട്.