നഗരപ്പെരുമ
അറിഞ്ഞില്ലേ, നമ്മുടെ നഗരവിശേഷങ്ങള്‍! കാസര്‍കോട്ടെ നമ്മുടെ പുലിക്കുന്നില്‍, ഇപ്പോഴുള്ള നഗരസഭാ കോണ്‍ഫറന്‍സ് ഹാളിന് സമീപത്തായി പുതിയൊരു കോണ്‍ഫറന്‍സ് ഹാള്‍ കൂടി ഉയരാന്‍ പോകുന്നു. 2700 ചതുരശ്ര അടി വിസ്തൃതിയുള്ള രണ്ടുനിലക്കെട്ടിടം നിര്‍മ്മിക്കാനാണ് തീരുമാനം.
ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍. താഴത്തെ നിലയില്‍ അഞ്ച് കടമുറികള്‍. അതൊരു ധനാഗമന മാര്‍ഗം കൂടിയാണ്. നഗരസഭയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തനത് ഫണ്ട് സ്വന്തം നിലയില്‍ കണ്ടെത്താന്‍ വേണ്ടിയാണ് വ്യാപാരാവശ്യങ്ങള്‍ക്കായി വാടകയ്ക്ക് കൊടുക്കാവുന്ന കടമുറികള്‍ പണിയുന്നത്. രണ്ടാം നിലയിലെ ഹാളില്‍ 200 സീറ്റ് സൗകര്യം ഉണ്ടാകും. അങ്ങോട്ട് കയറാന്‍ ഉതകുന്ന ‘റാംപ്’ സംവിധാനമൊരുക്കും.
ഇപ്പോഴുള്ളത് 2002 നവംബര്‍ 11ന് അന്നത്തെ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ശിലാസ്ഥാപനം നിര്‍വ്വഹിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം 2005 ഏപ്രില്‍ 5ന് സി.ടി അഹമ്മദലി എം.എല്‍.എ ഉദ്ഘാടനം ചെയ്ത കോണ്‍ഫറന്‍സ് ഹാളാണ്. ഒരു സംശയം: ഇതിനൊക്കെ കൂടി സ്ഥല സൗകര്യം എവിടെ?
കൂട്ടത്തില്‍ വിട്ടു പോകരുതേ, ആവശ്യമായ, ശുചിമുറി സൗകര്യങ്ങള്‍ കൂടി ഒരുക്കണേ!
കാസര്‍കോട്ടെ ഒരു പൗരന്‍