കൊച്ചി: വാളയാര്‍ കേസില്‍ അപ്രതീക്ഷിത നീക്കവുമായി സിബിഐ. വാളയാര്‍ കേസില്‍ മാതാവിനെയും പിതാവിനെയും പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. നേരത്തേയുള്ള കുറ്റപത്രത്തിനു പുറമേ അഡീഷണല്‍ കുറ്റപത്രത്തിലാണ് മാതാപിതാക്കളേയും പ്രതിചേര്‍ത്തത്. ഒരു വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ നടപടി. പോക്‌സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അതേ കഴുക്കോലില്‍ അനുജത്തി ഒന്‍പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് പെണ്‍കുട്ടികളുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
13 വയസ്സുള്ള പെണ്‍കുട്ടിയും 9 വയസ്സുള്ള അനുജത്തിയും ലൈംഗിക അതിക്രമത്തിന് ഇരകളായിരുന്നു. ഒരു തവണയല്ല, പല തവണ. കൊന്ന് കെട്ടിത്തൂക്കാനുള്ള സാധ്യതകളിലേക്കുള്ള സംശയങ്ങള്‍ കൂടി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 2021 ഡിസംബറിലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് അന്വേഷണം ശരിവച്ചാണ് കുറ്റപത്രം. ലൈംഗിക പീഡനം പെണ്‍കുട്ടികള്‍ നിരന്തരം നേരിട്ടിരുന്നുവെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് കുറ്റപത്രത്തില്‍ പറഞ്ഞത്.