‘മൊയ്ലാര്‍ക്ക് ഉറുക്ക് എഴുതണ്ടട്ടാ….’
നാട്ടിന്‍ പുറത്ത് പണ്ടേ പറഞ്ഞു വരുന്ന ഒരു പഴഞ്ചൊല്ലാണിത്. താന്‍ എന്നെ ഉപദേശിക്കാന്‍ വരേണ്ട എന്നും, എന്റെ അടുത്ത് തന്റെ വിളവ് വേണ്ടായെന്നുമൊക്കെയുള്ള അര്‍ത്ഥമുണ്ടതിന്.
ഉറുക്ക് എന്ന വാക്ക് ഏത് ഭാഷയിലേതാണെന്ന് അറിയില്ല. ചെറുപ്പം മുതലേ ഈ പ്രയോഗം കേള്‍ക്കാന്‍ തുടങ്ങിയതാണ്. നാടകത്തിലും സിനിമയിലും പഴയ കാല മുസ്ലീം വേഷധാരികള്‍ കൈത്തണ്ടയില്‍ കറുത്ത ചരടില്‍ ഉറുക്ക് കെട്ടും. കയ്യുള്ള ബനിയന്‍ (ഇതിനെ കഞ്ഞിപ്രാക്ക് എന്നും പറയും) ലുങ്കിയും അരയില്‍ പച്ച അരപ്പട്ടയും തലയില്‍ തൊപ്പി ഇത്രയുമായാലേ മാപ്പിള വേഷം പുര്‍ത്തിയാവു.
നേര്‍ത്ത ലോഹത്തകിടില്‍ അറബിയില്‍ ഖുറാന്‍ വചനങ്ങളെഴുതി വേറാരു ലോഹത്തകിടില്‍ പൊതിയും. അത് ഭയ ഭക്തിയോടെ ചരടില്‍ കെട്ടി അരയിലോ കൈത്തണ്ടയിലോ, കഴുത്തിലോ, കാലിലോ ധരിക്കും. രോഗം, ഭയം, എന്നിവയില്‍ നിന്ന് മോചനം നേടാനാണ് ഇങ്ങനെ ചെയ്യുന്നത്. മൊയ്ലാറ് ഇത് സേവനമായി ചെയ്യില്ല. കാശ് കൊടുക്കണം. അന്ധവിശ്വാസികളെ ചൂഷണം ചെയ്യാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ മതപൗരോഹിത്യം ഒരുക്കിയിരിക്കുന്നു!
ഇതിനെ മന്ത്രിച്ച് കെട്ടുക എന്നാണ് പറയുക. മന്ത്രിച്ച് ഊതുക, തച്ച് മന്ത്രിക്കുക തുടങ്ങിയ മന്ത്രവാദങ്ങളുമുണ്ട്.
പഴയകാല മുസ്ലീം പെണ്ണുങ്ങള്‍ വെള്ളി കൊണ്ടോ, സ്വര്‍ണ്ണം കൊണ്ടോ ഉണ്ടാക്കിയ രണ്ടിഞ്ച് വീതിയുള്ള അരഞ്ഞാണം കെട്ടാറുണ്ട്. ഇത് ചടങ്ങുകള്‍ക്ക് പോവുമ്പോള്‍ ഉടുമുണ്ടിന് മുകളിലാണ് കെട്ടുക. അതില്‍ കാരക്കയുടെ രൂപത്തിലുള്ള ലോഹനിര്‍മ്മിതമായ ഉറുക്കുകള്‍ ഉണ്ടാവും. അത് മന്ത്രിച്ചു കെട്ടുന്നതല്ല, ആഡംബരമാണ്.
പണ്ട് കാലത്ത് എല്ലാ വീടുകളിലേക്കും ഫക്കീര്‍മാര്‍ വരാറുണ്ട്. നീട്ടിയ വെള്ളത്താടിയും പച്ച തലേക്കെട്ടും, ഷര്‍ട്ടിന് മേലെ ഒരു കോട്ടും ഒക്കെ ധരിച്ചാണ് വരവ്. കയ്യില്‍ ചുരുട്ടി വെച്ച വലിയ തുണി കൊണ്ടുള്ള ചാര്‍ട്ട് ഉണ്ടാവും. അതില്‍ ഖുറാന്‍ വാക്കുകളും പള്ളി മിനാരങ്ങളുടെ ചിത്രങ്ങളുമുണ്ടാവും. വീട്ടില്‍ കയറിയിരുന്ന് ഈ ചാര്‍ട്ട് നിവര്‍ത്തിപ്പിടിച്ച് ഓത്തു തുടങ്ങും. വീട്ടില്‍ രോഗമുള്ളവരുണ്ടെങ്കില്‍ വെള്ളത്തില്‍ ഊതി മന്ത്രിച്ച് കുടിക്കാന്‍ കൊടുക്കും. ആണുങ്ങള്‍ക്കാണെങ്കില്‍ അടുത്ത് വിളിച്ചിരുത്തി മന്ത്രിച്ച് തല മുതല്‍ കാല്‍പാദം വരെ ഊതും. ഇതിന്റെ പ്രതിഫലം വാങ്ങി അവര്‍ സ്ഥലം വിടും. ഇപ്പോള്‍ അത്തരം മന്ത്രക്കാരെ കാണാറേയില്ല.
ആണ്‍കുട്ടികളുടെ അരയില്‍ കെട്ടുന്ന ചരടിലോ, വെള്ളിയോ സ്വര്‍ണ്ണമോ കൊണ്ടുള്ള അരഞ്ഞാണത്തിലോ ‘കൊങ്കിളി’ എന്ന് പറയുന്ന ലോഹ നിര്‍മ്മിതമായ ഒരു കൗതുക വസ്തു കെട്ടാറുണ്ട്.
ഇപ്പോള്‍ ഫാഷനു വേണ്ടി സ്ത്രീകള്‍ മന്ത്രിക്കാതെ കഴുത്തിലണിയുന്ന ഉറുക്കുകളുമുണ്ട്.
പഴയതെല്ലാം തിരിച്ചു വരാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ പെട്ടതാണ് കഴുത്തിലണിയുന്ന ഉറുക്ക്. ഉള്‍നാടന്‍ ഗ്രാമങ്ങളിലും മന്ത്രിച്ചു ഊതുന്നവരുണ്ടായിരുന്നു. എന്റെ ഗ്രാമത്തിലെ മോട്ടുമ്മലിലെ മാതിയേട്ടി മന്ത്രിച്ച് ഊതുന്ന സ്ത്രീയായിരുന്നു. പനി വന്നാല്‍ എന്നെയുമെടുത്ത് മാതിയേട്ടിയുടെ വീട്ടിലേക്ക് ഉമ്മ കൊണ്ടുപോകും. എന്തൊക്കെയോ ഉരുവിട്ട് വിരല്‍ ഞൊടിച്ച് തല മുതല്‍ കാല് വരെ ഊതും.
കൊതി കൂടിയതിന് മന്ത്രിച്ച് കൊടുക്കുന്ന കെണി എന്റെ ഉമ്മാക്കുമുണ്ടായിരുന്നു.
വായുക്ഷോഭത്തെയാണ് കൊതി കൂടല്‍ എന്ന് പറഞ്ഞിരുന്നത്.
കപ്പ മുളകും ഉപ്പും മന്ത്രിച്ചു കൊടുക്കും. അത് തിന്നാല്‍ വായുക്ഷോഭം മാറും. മന്ത്രിക്കാതെ കപ്പ മുളക് തിന്നാലും വായു അടങ്ങും-ഉമ്മ സ്വകാര്യമായി എന്നോട് പറഞ്ഞതാണ്.