കണ്ണൂര്‍:മട്ടന്നൂര്‍, ഉളിയില്‍ പാലത്തിനു സമീപത്തു കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പ്രതിശ്രുതവരനടക്കം രണ്ടുപേരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിക്കല്‍, കാലാങ്കി, കയ്യിന്നുപാറയിലെ തോമസിന്റെ ഭാര്യ കെ ടി ബീന, തോമസിന്റെ സഹോദരന്റെ മകന്‍ ബി ലിജോ എന്നിവരാണ് മരിച്ചത്. തോമസിനും, മകനും പ്രതിശ്രുത വരനുമായ ആല്‍ബിന്‍ എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ഇരിട്ടിയില്‍ നിന്നു തലശ്ശേരിയിലേയ്ക്ക് പോവുകയായിരുന്ന ബസും മട്ടന്നൂര്‍ ഭാഗത്തു നിന്നു ഉളിക്കല്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ തകര്‍ന്ന കാറിനകത്തു കുടുങ്ങിയ യാത്രക്കാരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കഠിന പ്രയത്‌നം നടത്തിയാണ് പുറത്തെടുത്തത്. അപ്പോഴേയ്ക്കും രണ്ടു പേരുടെയും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരിട്ടി- മട്ടന്നൂര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.
ആല്‍ബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ വസ്ത്രങ്ങള്‍ വാങ്ങിച്ച് കൊച്ചിയില്‍ നിന്നു മടങ്ങുകായിരുന്നു കാര്‍ യാത്രക്കാര്‍. വീട്ടിലെത്താന്‍ കിലോമീറ്ററുകള്‍ മാത്രം ബാക്കിയിരിക്കെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.