തിരൂര്‍: ബി പി അങ്ങാടി യാഹും തങ്ങള്‍ ഔലിയായുടെ നേര്‍ച്ചയുടെ സമാപനച്ചടങ്ങായ പെട്ടിവരവിനിടയില്‍ ബുധനാഴ്ച പുലര്‍ച്ചെ ആന ഇടഞ്ഞു നിരവധി പേര്‍ക്കു പരിക്കേറ്റു. ഇടഞ്ഞ ആന ഒരാളെ തുമ്പിക്കൈയില്‍ തൂക്കിയെടുത്തു ദൂരെ എറിഞ്ഞു. ഗുരുതരായി പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 17 പേരെ തിരൂര്‍ ആശുപത്രിയിലെത്തിച്ചു.
യാഹും തങ്ങള്‍ ഔലിയായുടെ വലിയ നേര്‍ച്ചയുടെ സമാപനത്തോടനുബന്ധിച്ചാണ് സംഭവം. സമാപന ദിവസത്തെ പെട്ടിവരവ് ആനകളുടെ അകമ്പടിയോടെയായിരുന്നു. വരവ് ജാറത്തിനടുത്തെത്തിയപ്പോള്‍ പാക്കത്തെ ശ്രീക്കുട്ടന്‍ എന്ന ആന പെട്ടെന്ന് ഇടയുകയായിരുന്നു. ആനകളുടെ നിരയില്‍ നിന്നു മുമ്പില്‍ക്കയറിയ ശ്രീക്കുട്ടന്‍ ആന ഒരാളെ തുമ്പിക്കൈയിലെടുത്തു ആള്‍ക്കൂട്ടത്തിലേക്കു എറിയുകയായിരുന്നു. ആന വിരണ്ടതോടെ രക്ഷപ്പെടാന്‍ നടത്തിയ വെപ്രാളത്തിലാണ് കാണികള്‍ക്കു പരിക്കേറ്റത്.
ബുധനാഴ്ച പുലര്‍ച്ചെ 12.30നായിരുന്നു സംഭവം. രണ്ടേകാലോടെ പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചു. ആന ഓടുന്നതു തടയാന്‍ പാപ്പാനു കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.