കൊടക്കാട്: സിനിമകളിലെന്ന പോലെ മഞ്ഞും തണുപ്പും അക്ഷരങ്ങളിലൂടെ അനുഭവിപ്പിച്ച അപൂര്‍വം എഴുത്തുകാരിലൊരാളാണ് എം.ടി എന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ കൊടക്കാട് നാരായണന്‍ പറഞ്ഞു. ‘മഞ്ഞ് ‘ വായിക്കുമ്പോള്‍ സിനിമയിലെന്ന പോലെ മഞ്ഞു പെയ്തിന്റെ തീവ്രാനുഭവം വായനക്കാരനെ കോരിത്തരിപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞു. വായനയിലൂടെ ഉത്തരാഖണ്ഡിലെ മഞ്ഞുമലകളിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോവുന്ന എഴുത്തിന്റെ മാന്ത്രിക സ്പര്‍ശമാണ് മഞ്ഞ്. പാടിക്കീല്‍ എ.കെ. ജി സ്മാരക ഗ്രന്ഥാലയത്തില്‍ നടന്ന എം.ടി. അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാമചന്ദ്രന്‍ പ്രസംഗിച്ചു. അരവിന്ദന്‍ കൂക്കാനം ഓടക്കുഴല്‍ വാദനവും എം.വി.രാജന്‍ ഗാനാലാപനവും നടത്തി. എം.ടി.യുടെ രചനകളെ കോര്‍ത്തിണക്കി കെസി മാധവന്‍ രചിച്ച കവിത ഹൃദ്യമായിരുന്നു.